തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ടിക്കാറാം മീണയ്‌ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതാണ് കാരണം. കളക്ടറോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തി.ചെന്നിത്തല ഭാര്യക്കും മകനും ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഒന്നാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വോട്ട് രേഖപ്പെടുത്തില്ല. കൊവിഡ് രോഗബാധിതനായ ശേഷം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് എ.കെ. ആന്റണി. തിരുവനന്തപുരത്തെ ജഗതി സ്‌കൂളിലാണ് എ.കെ. ആന്റണിക്ക് വോട്ടുള്ളത്. ഒരു മാസ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.
അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വി.എസ്. അച്യുതാനന്ദനും ഇത്തവണ വോട്ട് ചെയ്യാനാവില്ല. പുന്നപ്രയിലാണ് വി.എസിന് വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്രകള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല. കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് തപാല്‍ വോട്ടിന് അനുമതിയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തപാല്‍ വോട്ടിനുള്ള അപേക്ഷ തള്ളിയത്.