തിരുവനന്തപുരം:കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ പറഞ്ഞു.
കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും രംഗതെത്തി. മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പരസ്യപ്രതിഷേധങ്ങളുള്‍പ്പെടെയുള്ള പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി സൗജന്യ വാക്സിനെക്കുറിച്ച് പറഞ്ഞ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്ന് കെസി ജോസഫ് എംഎല്‍എയാണ് പരാതിയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യക്തമാക്കി. വാക്സിന്‍ വിതരണത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയായാണ് സൗജന്യവാക്സിനെക്കുറിച്ച് സൂചിപ്പിച്ചതെന്നും ഇത് ചട്ടലംഘനമാകില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍.
ആരില്‍ നിന്നും പൈസ വാങ്ങാതെ എല്ലാവര്‍ക്കും കൊവിഡിനെതിരെയുള്ള വാക്സിന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിവാദമാക്കുന്നത്. എന്നാല്‍ വാക്സിന്‍ ഉടന്‍ എത്തുമെന്നും വാക്സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും തീരുമാനമെടുക്കാമെന്നും മുന്‍പ് തന്നെ പ്രഖ്യാപനമുള്ള സമയത്ത് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചത് ചട്ടലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.