കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്സ് ഹവാലയിൽ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാൽ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വപ്നയും സരിത്തും കോടതിയ്ക്ക് നൽകിയ രഹസ്യ മൊഴിയിൽ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത് നാണക്കേടു കൊണ്ടാണെന്നും പരാജയഭീതിയാണ് കാരണമെന്നും ചെന്നിത്തല പരിഹസിച്ചു. വിജയരാഘവന്റെ സ്വരം ആർഎസ്എസിന്റെ സ്വരമാണ്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.
എന്തുകൊണ്ട് ആർട്ടിക്കിൾ 311 അനുസരിച്ച് ശിവശങ്കറിനെ പിരിച്ചുവിടുന്നില്ല. സ്വപ്നയും ശിവശങ്കറും സർക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കറ്റപ്പെടുത്തി. ഉന്നത രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രയുടെ വിവരങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു