കേരള പൊലീസിന് തലവേദന സൃഷ്ടിച്ച് വിഹരിച്ചിരുന്ന രണ്ടു കുപ്രസിദ്ധ മോഷ്ടാക്കൾ ഒടുവിൽ പൊലീസ് വലയത്തിത്തിന് ഉള്ളിലായി.
മാസങ്ങളായി മലപ്പുറം ജില്ലയിലെ താനൂർ, തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ അർദ്ധ രാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്ന് ഒരാൾ മോഷണം നടത്തുക പതിവായിരുന്നു.
. 2020 ഒക്ടോബർ മുതലാണ് മോഷണ പരമ്പര ആരംഭിക്കുന്നത്. മുഖം മറച്ച് ഷർട്ട് ധരിക്കാതെ തോളിൽ ബാഗും തൂക്കി ആയുധധാരിയായി രാത്രിയിൽ ഒരാൾ കറങ്ങുന്നത് പ്രദേശത്തെ നിരവധി സിസിടിവി കളിൽ പതിഞ്ഞിരുന്നു. എന്നാൽ മുഖം മറച്ചിരുന്നതിനാൽ ഇയാളെ തിരിച്ചറിയാനായില്ല.
കടകളിലും വീടുകളിലും പൂട്ടുകൾ തകർത്ത് മോഷണം നടത്തുന്ന ഇയാൾക്ക് സിസിടിവി ക്യാമറകൾ തകർക്കുക എന്ന വിനോദവും ഉണ്ടായിരുന്നു. ഒക്ടോബർ 15 മുതൽ താനൂർ പോലീസ് കള്ളനായി വല വിരിച്ചു. നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. മഫ്തിയിലും യൂണിഫോമിലും പലതവണ പട്രോളിങ് നടത്തിയിട്ടും ഫലമുണ്ടായില്ല. പലയിടങ്ങളിലും ്് കള്ളൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല.
ഇതിനിടെ കളവുപോയ ഒരു മൊബൈൽ ഫോണിൽ നിന്ന് ആന്ധ്രപ്രദേശിൽ വെച്ച് ഒരു ഫോൺ കോൾ പോയതായി സൈബർസെൽ കണ്ടെത്തിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഫോൺ വിളിച്ച ആന്ധ്രാ സ്വദേശികളുടെ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിനിടെ ഒരു നമ്പറിൽ ട്രൂ കോളറിൽ കള്ളൻ ഷാജഹാൻ എന്ന പേരു തെളിഞ്ഞു.
മൊബൈൽ ഫോൺ വിവരങ്ങൾ പിന്തുടർന്ന പോലീസ് എത്തിയത് ഏർവാടിയിൽ ആണ്. തുടർന്ന് ഇയാളെ തിരഞ്ഞ് സലേഷ്, സബറുദീൻ എന്നീ പൊലീസുകാർ സിവിൽ വേഷത്തിൽ പോയത് അസൈൻ കോയ തങ്ങൾ, ഉസൈൻ കോയ തങ്ങൾ എന്നീ പേരുകളിൽ ആണ്.
ഏർവാടിയിൽ എത്തിയ പോലീസുദ്യോഗസ്ഥർ മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജിൽ താമസിക്കുന്ന ഷാജഹാനെ തിരിച്ചറിഞ്ഞു. ഇരുവരും ചേർന്ന് ഷാജഹാനെ പിടികൂടി. പൊലീസാണെന്ന് പറഞ്ഞിട്ടും ഷാജഹാൻ വിശ്വസിച്ചില്ല.കൂടുതൽ പൊലീസ് എത്തിയതോടെ ബോധ്യമായി. ഷാജഹാനെ കുടുക്കാനായത് കേരള പോലീസിന് ഒരു പൊൻതൂവലായി
55 വയസ്സുണ്ട് ഷാജഹാന്. ഇതിൽ 27 വർഷം ഷാജഹാൻ ജയിലിലായിരുന്നു. 1992 മുതൽ ഇങ്ങോട്ട് കണ്ണൂർ വിയ്യൂർ സെൻട്രൽ ജയിലുകളിൽ ആയിരുന്നു ഏറെക്കാലം. ജയിലിൽ നിന്നിറങ്ങിയാൽ വീണ്ടും മോഷണം നടത്തി ജയിലിൽ പോവുക എന്നത് ഷാജഹാന് പതിവാണ്.
ഷാജഹാനെ കണ്ടാൽ 55 വയസ്സ് തോന്നിക്കില്ല. നല്ല ആരോഗ്യമുണ്ട്. എത്ര ഉയരമുള്ള മതിലും ചാടി കടക്കും. വലിയ വൃക്ഷങ്ങളുടെ മുകളിൽ കയറും. രാത്രി 12 മണിക്ക് ശേഷമാണ് ഷാജഹാൻ തന്റെ ഡ്യൂട്ടി ആരംഭിക്കുക. ബർമുഡയോ ട്രൗസറോ ആകും വേഷം. ആളില്ലാത്ത വീടുകളിലും ടെറസുകളിലും ആണ് ഇയാളുടെ താമസം. ഏതു പൂട്ട് പൊളിക്കാനും ഇയാൾക്ക് നിഷ്പ്രയാസം കഴിയും. വിജാവിരികൾ പൊളിച്ചാണ് ഇയാൾ വാതിൽ തകർക്കുക. ചെരിപ്പ് ഒരു വീക്ക്നെസ്സ് ആണ്. മോഷണം നടത്തുന്ന വീടുകളിൽ നിന്ന് ചെരിപ്പും ഇയാൾ എടുത്തു കൊണ്ടു പോകും.
മറ്റൊരു പ്രമുഖനാണ് വടിവാൾ വിനീത്
.മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ അമ്പതിലേറെ കവർച്ചാ കേസുകളിൽ പ്രതിയാണ് വിനീത്. കൊല്ലത്തു നിന്നാണ് പൊലീസ് ഇയാളെ പിടികുടിയത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കൊവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. കൊല്ലത്ത് കഴിഞ്ഞ ദിവസം ഇയാള്‍ കാര്‍ മോഷ്ടിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ രണ്ടുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പെട്രോൾ പമ്പിൽ മോഷ്ടിച്ച കാറുമായി എത്തി പെട്രോൾ അടിച്ച ശേഷം പണം നൽകാതെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം കടന്നു കളയുകയായിരുന്നു.