
39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഷിയാസിന്റെ പരാതിയിലാണ് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. സണ്ണിയാണ് കേസിലെ ഒന്നാം പ്രതി. ഭര്‍ത്താവാണ് രണ്ടാം പ്രതി, മൂന്നാം പ്രതി സണ്ണി ലിയോണിന്റെ മാനേജറാണ്. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി. ക്രൈംബ്രാഞ്ച് എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷിയാസിന്റെ പരാതിയില്‍ ക്രൈബ്രാഞ്ചിന് മുന്നില്‍ സണ്ണി നല്‍കി ഇതായിരുന്നു; താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും സംഘാടകരുടെ അസൗകര്യമാണ് പരിപാടി മുടങ്ങാന്‍ കാരണമായെന്നും സണ്ണി പറഞ്ഞിരുന്നു. അഞ്ചു തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു.