നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. വൈകുന്നേരം നാലരയ്ക്കാണ് വിഗ്യാന്‍ ഭവനില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുന്നത്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ച ഒഴിവിലേക്കുളള മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ തീയതിയും ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് വൈകീട്ട് നിലവില്‍ വരും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. കേരളത്തില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം. ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് യു ഡി എഫും എല്‍ ഡി എഫും ആവശ്യപ്പെട്ടപ്പോള്‍ മേയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നായിരുന്നു ബി ജെ പി ആവശ്യപ്പെട്ടത്.
Previous Post Next Post