മധ്യപ്രദേശില്‍ ഓക്സിജന്‍ കിട്ടാതെ 10 കോവിഡ് രോഗികള്‍ മരിച്ചു



ഭോപ്പാൽ :ഓക്സിജൻ ലഭിക്കാതെ മധ്യപ്രദേശിൽ പത്ത് കോവിഡ് രോഗികൾ മരിച്ചു. ഷഹ്ദോൾ ജില്ലയിലെ ഗവ. മെഡിക്കൽ കോളേജിലാണ് സംഭവം. എന്നാൽ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ രാത്രി ഐസിയുവിൽ ആറ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഓക്സിജന്‍റെ അഭാവമല്ല മരണങ്ങള്‍ക്ക് കാരണമെന്ന് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.മിലിന്ദ് ശിരാൽക്കർ ഒരു ചാനലിനോട് പറഞ്ഞത് 62 രോഗികളാണ് ഗുരുതരാവസ്ഥയില്‍ ഐസിയുവിലുള്ളത്. ആകെ 255 രോഗികളാണ് ആശുപത്രിയിലുള്ളതെന്നും മിലിന്ദ് വ്യക്തമാക്കി.
ഓക്സിജന്‍റെ അഭാവമോ ഓക്സിജൻ ടാങ്കിലെ മർദ്ദമോ മൂലമോ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ സത്യേന്ദ്ര സിംഗ് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എപ്പോഴും ഓക്സിജന്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
''ഓക്സിജന്‍റെ അളവ് 91 ശതമാനത്തിന് മുകളിലായിരുന്നു. രാവിലെ ഓക്സിജന്‍റെ അളവ് കുറവാണെന്ന് അവർ പറഞ്ഞു. അകത്തേക്ക് പ്രവേശിക്കാന്‍ ജീവനക്കാര്‍ ഞങ്ങളെ അനുവദിച്ചില്ല. എങ്ങനെയോ അകത്ത് കടന്നപ്പോള്‍ രോഗികള്‍ മരിച്ചതായാണ് കണ്ടത്'' എന്ന് ഒരു രോഗിയുടെ ബന്ധു പറഞ്ഞു.

Previous Post Next Post