സംസ്ഥാന ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ. ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികൾക്കായി കേരളം ഗോവക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകിയിരുന്നു. 20000 ലിറ്റർ ദ്രവരൂപത്തിലുള്ള ഓക്സിജൻ ആണ് കേരളം ഗോവക്ക് കൈമാറിയത്. ഈ പശ്ചാത്തലത്തിലാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ തന്റെ ട്വിറ്ററിലൂടെ ശൈലജ ടീച്ചർക്ക് നന്ദി അറിയിച്ചത്.
‘ഗോവയിലെ കൊവിഡ് രോഗികൾക്കായി 20,000 ലിറ്റർ ദ്രാവക ഓക്സിജൻ നൽകി ഞങ്ങളെ സഹായിച്ചതിന് ശ്രീമതി ശൈലജ ടീച്ചർക്ക് ഞാൻ നന്ദി അറിയിക്കുന്നു. കൊവിഡ് 19നെതിരായ ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങൾ നൽകിയ സഹായത്തിന് ഗോവയിലെ ജനങ്ങൾ നന്ദിയുള്ളവരാണ്’, എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ഓക്സിജൻ സിലിണ്ടറുകളുടെയും പ്രതിരോധ മരുന്നുകളുടെയും അഭാവം രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ കേരളത്തിൽ ഓക്സിജൻ ഉല്‍പാദനത്തിന് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പറയുന്നത്. 210 മെട്രിക് ടൺ ഓക്സിജൻ ഒരു ദിവസം കേരളത്തിന് ഉല്‍പാദിപ്പിക്കാനാകുന്നുണ്ടെന്നും താമസിയാതെ മൂന്ന് ഓക്സിജൻ പ്ലാൻറുകള്‍ കൂടി പ്രവർത്തനം ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നു.
അതേസമയം ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാനായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറെടുക്കുന്നുണ്ട്. ഹരിത ഇടനാഴികൾ ഉപയോഗിച്ചുള്ള ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകളാകും രോഗികൾക്കായുള്ള ഓക്സിജൻ അതിവേഗം എത്തിക്കുകയെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.