ഇത് യുദ്ധമാണ്, സെെനിക ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തണം’; മന്‍കി ബാത് നിരാശാജനകമെന്ന് ഡോ. അരുണ്‍


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത്തിനെതിരെ വിമര്‍ശനം. നരേന്ദ്രമോദിയുടെ മന്‍കി ബാത് നിരാശാജനകമാണെന്നും സൗജന്യവാക്‌സിന്‍ എത്തിച്ച് ഈ പ്രതിസന്ധി അവസാനിക്കും എന്ന പോസിറ്റീവ് കാര്യമാണ് പ്രധാനമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യവിദഗ്ധന്‍ ഡോ. അരുണ്‍ അഭിപ്രായപ്പെട്ടു. വാക്‌സിന്‍ നയത്തിനെതിരെ വിമര്‍ശനം ഉയരുന്ന ഘട്ടത്തില്‍ അത്തരമൊരു വിഷയം മന്‍കി ബാത്തില്‍ അഡ്രസ് ചെയ്തില്ലെന്നും ഡോ. അരുണ്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത്ത് നിരാശാജനകമാണ്. വാക്‌സിന്‍ നയത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. അത് അഡ്രസ് ചെയ്തില്ല. ആര് പൈസ കൊടുക്കുന്നു എന്നത് മാറ്റിവെച്ചാല്‍ സൗജന്യമായി വാക്‌സിന്‍ എല്ലാവര്‍ക്കും എത്തും, പ്രതിസന്ധി അവസാനിക്കും എന്നുള്ള ഒരു പോസിറ്റീവ് കാര്യമാണ് രാജ്യത്തെ പ്രധാനമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതുണ്ടായില്ല. ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാവരിലും വാക്‌സിന്‍ എത്തണം. അത് എല്ലാ രാജ്യങ്ങളും ചെയ്യുന്നുണ്ട്. അതിനായി സൗജന്യ വാക്‌സിന്‍ വിതരണമാണ് വേണ്ടത്.

രണ്ടാമത്തേത് ഓക്‌സിജന്‍ പ്രതിസന്ധിയിലും പ്രധാനമന്ത്രി കൃത്യമായി അഡ്രസ് ചെയ്തിട്ടില്ല. അറിയിപ്പ് പ്രകാരം ജനങ്ങള്‍ കൊവിഡ്-19 പ്രോട്ടോകോള്‍ പാലിക്കുകയാണെങ്കില്‍ മന്‍കി ബാത്ത് ഉപകാരപ്പെടും എന്നല്ലാതെ മറ്റൊരു കാര്യവുമില്ല. ഡിഫെന്‍സില്‍ നിരവധി ഡോക്ടര്‍മാരുണ്ട്. ഇത് യുദ്ധമാണ്. അവരുടെ ശക്തി ഉപയോഗപ്പെടുത്തണം.’ ഡോ അരുണ്‍.

രണ്ടാം ഘട്ട കൊവിഡ്-19 വ്യാപനം രാജ്യത്തെ ഉലച്ചുവെന്ന ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു മോദി മന്‍കി ബാത്തിലൂടെ. ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും കൊവിഡിനെതിരെ പോരാടുകയാണ്. രണ്ടാം തരംഗത്തില്‍ പ്രിയപ്പെട്ടവര്‍ നമുക്ക് നഷ്ടമായി. വിശ്വാസ്യ യോഗ്യമായ സ്രോതസില്‍ നിന്ന് മാത്രമെ കൊവിഡ്-19 സംബന്ധിച്ച അറിയിപ്പുകള്‍ സ്വീകരിക്കാന്‍ പാടുള്ളൂ തുടങ്ങിയ ആശങ്കകള്‍ മോദി പ്രകടിപ്പിച്ചു.

വാക്‌സിനേഷന്‍ സംബന്ധിച്ച് ഊഹാപോഹങ്ങളുടെ ഇരയാവരുതെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ കൊവിഡ്-19 വാക്‌സിന്‍ കേന്ദ്രം അയച്ചിട്ടുണ്ട്. 45 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. മെയ് 1 മുതല്‍ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമായിരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
കേന്ദ്രത്തിന്റെ സൗജന്യം വാക്‌സിനേഷന്‍ ഭാവിയിലും തുടരണമെന്നും എല്ലാവരിലും എത്തിച്ച് കേന്ദ്രത്തിന്റെ സൗജന്യം വാക്‌സിന്‍ പദ്ധതി പൂര്‍ണരൂപത്തില്‍ ഉപയോഗിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
أحدث أقدم