മൻസൂർ കൊലക്കേസ് പ്രതി രതീഷിന്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈഎസ്.പി ഷാജി ജോസിന് ആണ് അന്വേഷണ ചുമതല. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്.പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി.
രതീഷിനെ തൂങ്ങിയ നിലയിൽ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്.പിയുടെ സന്ദർശനം ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം കൂട്ടുകയാണ്. ഇന്ന് വിശദ പരിശോധനക്കായി മൻസൂർ വധം അന്വേഷിക്കുന്ന സംഘം രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തെത്തും.
രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം. അതേസമയം, പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. നിലവിൽ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
കേസിൽ രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിലായി. നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഷിനോദ്, രതീഷ്, സംഗീത്, ശ്രീരാഗ്, സജീവൻ, സുഹൈൽ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നസീർ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്.
whatsapp sharing button