ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ അമ്പലപ്പറമ്പില്‍ പ്രവേശിക്കുന്നത് വിലക്കുന്ന അറിയിപ്പ് ബോര്‍ഡ് വിവാദമാകുന്നു. കണ്ണൂര്‍ പയ്യന്നൂരിലെ മല്ലിയോട്ട് പാലോട്ട് എന്ന അമ്പലപ്പറമ്പില്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല എന്നെഴുതിയ പോസ്റ്ററിനെതിരെ ഫേസ്ബുക്ക് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
തികഞ്ഞ മുസ്ലീം വിരോധം വരും തലമുറയിലേക്ക് കൂടി കുത്തിവെക്കുന്ന ഇത്തരം അറിയിപ്പുകള്‍ കേരളത്തിലെ മതേതര സമൂഹം തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കമന്റുകള്‍ ഉയരുന്നുണ്ട്. ചിത്രം പങ്കുവെച്ചുകൊണ്ട് പലരും ജോജി എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന വിധത്തില്‍ യെസ് യുവര്‍ ഓണര്‍, നിങ്ങളാണല്ലോ കോടതി എന്നും പരിഹസിക്കുന്നുണ്ട്.
അതേസമയം ബോര്‍ഡിനെച്ചൊല്ലി രാഷ്ട്രീയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയാണ്. കേരളത്തില്‍ സംഘപരിവാര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനയായി വേണം ഇത്തരം അറിയിപ്പുകളെ കാണാനെന്ന് ഒരു വിഭാഗം വാദിക്കുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം പ്രദേശം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണെന്നും അതിനാല്‍ പാര്‍ട്ടിക്കും ഇത്തരമൊരു വിഷയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കുറ്റപ്പെടുത്തലുകള്‍ വരുന്നുണ്ട്.