വൈഗയുടേത് ആസൂത്രിത കൊലപാതകമാണെന്ന് പിതാവ് സനുമോഹന്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍. സനുമോഹന്‍ തന്നെയാണ് വൈഗയെ കൊലപ്പെത്തിയതെന്നും അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സനു മോഹന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. അതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി 15 ദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
കടബാധ്യതയാണ് കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. തനിക്ക് മകളെ വിട്ട് പോകാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയത്. ഇതില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഒപ്പം കേസില്‍ മൂന്നാമതെരാള്‍ക്ക് പങ്കില്ലെന്നും സനുമോഹന്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു സനുമോഹന്‍ പിടിയിലാവുന്നത്. ഇന്നലെ കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലെത്തിച്ച സനു മോഹനെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്ക് കടക്കാനായിരുന്നു സനു മോഹന്റെ പദ്ധതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം സനു മോഹനുമായി കൊച്ചിയിലെത്തിയത്.
കൊച്ചി കങ്ങരപ്പടിയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ഇപ്പോള്‍ പിടിയിലാവുകയും ചെയ്ത സനു മോഹനില്‍നിന്ന് നിര്‍ണായകമായ നിരവധി വിവരങ്ങളാണ് പൊലീസ് തേടുന്നത്. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിന് ഉച്ചയോടെ കളമശേരിക്കടുത്ത് മുട്ടാര്‍ പുഴയില്‍നിന്നാണ് സനുവിന്റെ മകളായ പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഒരാഴ്ച മുന്‍പുതന്നെ സനു മോഹന്‍ തിരോധാനത്തിനുള്ള പദ്ധതി തയാറാക്കിയെന്ന് പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും, ഫ്ലാറ്റിലെ പരിശോധനക്കിടെ കണ്ടെത്തിയ ആരുടെതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത രക്ത തുള്ളികളും കേസിന്റെ സങ്കീര്‍ണത കൂട്ടുന്നു. ഒപ്പം സനു മോഹന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.