ഇന്ത്യക്ക് ശക്തമായ സര്‍ക്കാരാണ് വേണ്ടത്, തിരിച്ച് പോയി ചായക്കട തുടങ്ങാമെന്ന് മോദി’; പഴയപോസ്റ്റ് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍മിഡിയ


ഇന്ത്യ കടുത്ത കൊവിഡ്-19 പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് കുത്തിപൊക്കി സോഷ്യല്‍ മീഡിയ. ഇന്ത്യക്ക് ഒരു ശക്തമായ സര്‍ക്കാരിനെ ആവശ്യമാണെന്നും താന്‍ തിരിച്ചുപോയി ചായക്കട തുടങ്ങാം എന്നുമാണ് മോദിയുടെ ട്വീറ്റ്. 2014 ഏപ്രില്‍ മാസത്തിലാണ് മോദി ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്. രാജ്യത്ത് കൊവിഡ്-19 സാഹചര്യം അതിരൂക്ഷമാവുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇത്തരമൊരു ഘട്ടത്തിലാണ് മോദിയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നത്.

‘ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’ ‘എന്നാണ് മോദിയുടെ ട്വീറ്റിന്റെ ഉള്ളടക്കം.

ട്വീറ്റ് പങ്കുവെച്ച് കൊണ്ട് ‘ഞാന്‍ ആദ്യമായി നിങ്ങളോട് പൂര്‍ണമായി യോജിക്കുന്നു.’ എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏഴ് വര്‍ഷം ബിജെപി ഭരിച്ചപ്പോള്‍ ഇന്ത്യയുടെ അവസ്ഥ ഇതാണെങ്കില്‍ എഴുപത് വര്‍ഷം ഭരിച്ചാല്‍ ഏഷ്യയില്‍ നിന്നും ഇന്ത്യ അപ്രത്യക്ഷമാവുമെന്ന് ചിലര്‍ കമന്റ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്‍ സിദ്ധാര്‍ത്ഥും ഇതേ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരുന്നു. ‘ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?’ എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.

ഇതിനൊപ്പം 2017 ല്‍ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായി. കോണ്‍ഗ്രസ് മുക്ത ഭാരതം ഓക്‌സിജന്‍ മുക്തമായ ഹോസ്പിറ്റല്‍ പോലെ ആയിരിക്കും എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3.49 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2767 കൊവിഡ് രോഗികള്‍ കൂടി മരിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിനം മൂന്ന് ലക്ഷം കടക്കുന്നത്. മരണസംഖ്യ 2000 കടക്കുന്നതും തുടര്‍ച്ചയായ നാലാം ദിവസമാണ്. ഏപ്രില്‍ 15 മുതല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിലാണ്.

ഇതുവരെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ മരണ സംഖ്യ 192,311 ല്‍ എത്തി. നിലവില്‍ 140,85110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ 2,17,113 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്തിതുവരെ 14,09,16,417 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു.

Previous Post Next Post