ഹരിദ്വാര്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്നുവന്ന കുംഭമേള അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. കുംഭമേളയുടെ മുഖ്യ നടത്തിപ്പുകാരില്‍ ഒരു വിഭാഗമായ ജൂന അഖാഡയുടെ ആചര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവ്‌ദേശാനന്ദ ഗിരിയാണ് കുംഭമേള അവസാനിച്ചതായുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ചടങ്ങുകള്‍ മാത്രമായി കുംഭമേള വെട്ടിച്ചുരുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് മേള അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം. രാജ്യത്തെ ജനങ്ങളുടെ ജീവനാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് അവ്‌ദേശാനന്ദ് ട്വിറ്ററില്‍ കുറിച്ചു. ഗംഗാ നദിയിലെ നിമജ്ജനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തങ്ങള്‍ കുംഭമേള അവസാനിപ്പിക്കുകയാണ് എന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് അഖാഡ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പും അദ്ദേഹം തന്റെ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കുംഭമേള ചടങ്ങുകളാക്കി നടത്തണമെന്ന് അവ്‌ദേശുമായി നടത്തിയ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.