തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യക്ഷാമം മുതലെടുത്ത് മറുനാടുകളില്‍നിന്ന് കേരളത്തിലേക്ക് മത്സ്യം എത്തിക്കുന്നത് വന്‍ ലോബി. ദിവസം ഏതാണ്ട് 1,000 ടണ്‍ മത്സ്യമാണ് അതിര്‍ത്തി കടന്ന് വരുന്നത്. മത്സ്യലഭ്യത കുറയുകയും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാകുകയും ചെയ്ത സാഹചര്യം മുതലാക്കിയാണ് അന്തര്‍ സംസ്ഥാന ബന്ധമുള്ള മത്സ്യക്കച്ചവടക്കാര്‍ ദിവസങ്ങള്‍ പഴകിയ മീന്‍ സംസ്ഥാനത്തെത്തിച്ച് വില്‍പ്പന നടത്തുന്നത്.
മുതലെടുക്കുന്നത് മത്സ്യവാഹനങ്ങള്‍ക്കുള്ള സൗജന്യം
കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കര്‍ശനമായ വാഹന പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും പെട്ടെന്ന് ചീഞ്ഞുപോകുന്ന വസ്തുവായതിനാല്‍ മത്സ്യം കയറ്റിവരുന്ന വാഹനങ്ങള്‍ പൊലീസ് സാധാരണ പരിശോധിക്കാറില്ല.. ചെക്ക് പോസ്റ്റുകളിലും വാഹനത്തിന്റെ രേഖകള്‍ മാത്രമാണ് പലപ്പോഴും പരിശോധിക്കുക.. ഭക്ഷ്യസുരക്ഷാ വകുപ്പോ ഹെല്‍ത്ത് സ്‌ക്വാഡോ വല്ലപ്പോഴുമേ ഇവിടങ്ങളില്‍ പരിശോധനയ്‌ക്കെത്തൂ എന്നതിനാല്‍ അതിര്‍ത്തി കടന്നാല്‍ കേരളത്തിലെവിടെയും ഇവര്‍ക്ക് മത്സ്യം ഇറക്കാം.
മറവ് കമ്മിഷന്‍ കടകള്‍
തെക്കന്‍ കേരളത്തില്‍ കരുനാഗപ്പള്ളി, കല്ലമ്പലം, ആലംകോട് എന്നിവിടങ്ങളിലുളള വമ്പന്‍മാരാണ് കമ്മിഷന്‍ കടകളെന്ന പേരില്‍ അന്യസംസ്ഥാനത്ത് നിന്ന് മത്സ്യം ഇറക്കി വ്യാപാരം നടത്തുന്നത്. ഹോട്ടലുകള്‍ ,റസ്റ്റോറന്റുകള്‍, കാറ്ററിംഗ് സര്‍വ്വീസുകാര്‍ എന്നിവര്‍ക്ക് കുറഞ്ഞവിലയില്‍ അയല്‍സംസ്ഥാനത്ത് നിന്ന് മത്സ്യം എത്തിച്ചുകൊടുക്കുന്ന ഇവര്‍ ആന്ധ്ര, മംഗളൂരു, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു കൊണ്ടുവരുന്ന മത്സ്യം കേടാകാതിരിക്കാന്‍ ഐസ് മാത്രമാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ദിവസങ്ങള്‍ നീണ്ട യാത്രയായതിനാല്‍ ഐസ് ഉപയോഗിച്ചാലും മീന്‍ കേടാകുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് ഐസിനു പകരം രാസവസ്തുക്കളുടെ പ്രയോഗം തുടങ്ങിയത്. ഫോര്‍മാലിനും അമോണിയയുമാണ് വ്യാപകമായി ഉപയോഗിച്ചു വന്നത്.
സംഭരിക്കാന്‍ രഹസ്യ കേന്ദ്രങ്ങള്‍
ഇന്‍സുലേറ്റഡ് ലോറികളിലും സാധാരണ വാനുകളിലും മീനുകള്‍ വരുന്നുണ്ട്. സാധാരണ വാനുകളില്‍ മീന്‍ കയറ്റിയാല്‍ വേഗം മോശമാകും. ഇത് പരിഹരിക്കാനാണ് രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. കേരളത്തില്‍ കൊണ്ടുവരുന്ന മീന്‍ സംഭരിക്കാന്‍ എമ്ബാടും രഹസ്യ കേന്ദ്രങ്ങളുണ്ട്. കച്ചവടക്കാരുടെ കസ്റ്റഡിയിലുള്ള കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിക്കുന്നത്.
വലിയ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് സംഭരണ ഗോഡൗണുകളുണ്ട്. വീടുകളില്‍ തന്നെ മീന്‍ ശേഖരിക്കുന്ന കച്ചവടക്കാരുമുണ്ട്. ദൂരെയുള്ള മാര്‍ക്കറ്റുകളിലേക്ക് രാസവസ്തുക്കള്‍ കലര്‍ത്താതെ മീന്‍ എത്തിക്കാന്‍ ആരും മുതിരാറില്ല.
കോടികളുടെ ബിസിനസ്
അതിര്‍ത്തി കടന്നുള്ള മീന്‍ കച്ചവടം കോടികളുടെ ബിസിനസാണ്. എല്ലാ ജില്ലകളിലും ഏജന്റുമാരുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് വിപണന ശൃംഖല. ഭക്ഷണ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാണെങ്കിലും മത്സ്യവ്യാപാരികള്‍ക്ക് ഇത് നിര്‍ബന്ധമല്ല. പഴകിയ മത്സ്യം പിടികൂടിയാല്‍ അവ കുഴിച്ചുമൂടുമെന്നല്ലാതെ കച്ചവടക്കാര്‍ക്കെതിരെ പിഴയോ ക്രിമിനല്‍ കേസോ എടുക്കുന്ന പതിവുമില്ല. ചൂര, അയല, വങ്കട,മോത, വാള , മത്തി, തുടങ്ങിയ മത്സ്യങ്ങളാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതിലെത്തുന്നത്.
രാത്രിയും പുലര്‍കാലങ്ങളിലുമാണ് മീന്‍ വണ്ടികള്‍ മാര്‍ക്കറ്റുകളിലെത്തുന്നത്. അതത് ദിവസം വിറ്റു തീരാത്ത മത്സ്യം മാര്‍ക്കറ്റുകളിലോ ഗോഡൗണുകളിലോ സൂക്ഷിക്കും.
ആഴ്ചകളോളം കേടാകാതിരിക്കാന്‍ മാര്‍ഗം
സോഡിയം ബെന്‍സോവേറ്റ് പോലുളള രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതിനാല്‍ മീന്‍ ആഴ്ചകളോളം ഒരു കുഴപ്പവുമില്ലാതിരിക്കും. കേരളത്തില്‍ ചൂട് കാലത്ത് പൊതുവില്‍ മത്സ്യത്തിന് ക്ഷാമം നേരിടാറുള്ള സമയമാണ് . ഇത് മുതലെടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തിരിവ് മത്സ്യങ്ങളും വളത്തിനും മറ്റും ഉപയോഗിക്കുന്ന പഴകിയ മത്സ്യവും തുച്ഛമായ വിലനല്‍കി വാഹനങ്ങളില്‍ കയറ്റും. പഴകിയതും പുഴുവരിച്ചതുമായ മത്സ്യം ലോറികളില്‍ അടുക്കിയശേഷം പുറമേ അടുത്തുള്ള ഹാര്‍ബറുകളില്‍നിന്ന് ഏതാനും ബോക്‌സ് പഴക്കമില്ലാത്ത മത്സ്യവും കയറ്റും. വഴിമദ്ധ്യേ ആരെങ്കിലും പരിശോധിച്ചാല്‍ പുറമേ കാണുന്നത് ഫ്രഷായ മത്സ്യമായിരിക്കും.
വാഹനത്തില്‍ കയറി പരിശോധന ഇല്ല
മീന്‍ നിറച്ച് വരുന്ന വാഹനങ്ങളിലെ ദുര്‍ഗന്ധവും ഐസിന്റെ തണുപ്പും മറ്റും കാരണം ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കടന്ന് പരിശോധിക്കാന്‍ തയ്യാറാകാറില്ല. ചെക്ക് പോസ്റ്റുകളിലും പരിശോധനാവേളകളിലും വാഹനത്തില്‍ കയറി ബോക്‌സുകളില്‍ നിന്ന് മത്സ്യം ശേഖരിക്കുന്നത് ചില സ്ഥിരം ആളുകളാണ്. മത്സ്യം കടത്തിക്കൊണ്ടുവരുന്നവര്‍ ഇവരെ പണവും മറ്റും നല്‍കി സ്വാധീനിക്കുന്നതിനാല്‍ ഇവര്‍ പഴകിയ മത്സ്യം വാഹനത്തിലുണ്ടായാല്‍ തന്നെ അതില്‍ നിന്ന് സാമ്ബിള്‍ പരിശോധനയ്ക്ക് എടുക്കുകയോ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയോ ചെയ്യാറില്ല.
തിരഞ്ഞെടുപ്പും കൊവിഡ് നിയന്ത്രണങ്ങളും കാരണം ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതുള്‍പ്പെടെ നിലവില്‍ പരിശോധനകളൊന്നും കാര്യക്ഷമമല്ലാത്ത സാഹചര്യമാണുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുച്ഛമായ വിലയ്‌ക്കെത്തിക്കുന്ന മത്സ്യം ലോക്ക് ഡൗണും മത്സ്യ ക്ഷാമവും മുതലെടുത്ത് വന്‍വിലയ്ക്കാണ് കമ്മിഷന്‍ ഏജന്റുമാരും കച്ചവടക്കാരും വിറ്റഴിക്കുന്നത്.