കുംഭമേള പ്രതീകാത്മകമാക്കി ചുരുക്കണമെന്ന അഭ്യർത്ഥനക്ക് സന്യാസസമൂഹത്തിന്റെ പിന്തുണ ലഭിച്ചു; പ്രധാനമന്ത്രി



ന്യൂ ഡൽഹി: കുംഭമേള പ്രതീകാത്മകമാക്കി ചുരുക്കണമെന്ന് പ്രധാനമന്ത്രി. പ്രതിദിനം ഉയരുന്ന കൊവിഡ് കണക്കുകളുമായി രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പ്രധനമന്ത്രിയുടെ ഈ അഭ്യർത്ഥന. മേളയുടെ പ്രധാന ചടങ്ങുകൾ നടന്നു കഴിഞ്ഞെന്നും കൊവിഡ് തീവ്രസാഹചര്യത്തിൽ ഇനി ചടങ്ങുകൾ ചുരുക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൊറോണക്കെതിരായ പോരാട്ടത്തെ ഇത് ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ധർമ്മ ആചാര്യസഭയുടെ പ്രസിഡന്റ് സ്വാമി അവ്ദേശാനന്ദ് ഗിരി ജി മഹാരാജിനോട് ഫോണിൽ സംസാരിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. രോഗബാധിതരായ സന്യാസിമാരുടെ ക്ഷേമാന്വേഷണം നടത്തിയതായും തന്റെ അഭ്യർത്ഥനക്ക് സന്യാസ സമൂഹത്തിന്റെ പിന്തുണ ലഭിച്ചതായും അദ്ദേഹം ട്വീറ്റിൽ പറയുന്നു. താൻ സന്യാസിമാരോടുള്ള കടപ്പാട് അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.


പതിനായിരക്കണക്കിന് തീർഥാടകരാണ് ഗംഗാതീരത്ത് കുംഭമേളക്കായി ഒത്തുകൂടിയിട്ടുള്ളത്. ഇതിൽ 1700ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം മാരകമായാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നത്.

രാജ്യത്ത് ഇന്നത്തെ പ്രതിദിന കൊവിഡ് നിരക്ക് 2,34,692 ആണ്. 1341 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധ മൂലം മരണപ്പെട്ടത്. ഈ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ 11 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന്  കൂടിക്കാഴ്ച നടത്തും.
Previous Post Next Post