കോട്ടയം : കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുകയും ചികിത്സയ്ക്കും പരിചരണത്തിനുമുള്ള സൗകര്യങ്ങള്‍ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ നിരീക്ഷണവും നടപടികളും കൂടുതല്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
രോഗവ്യാപനം കൂടുതലുള്ള 38 തദ്ദേശസ്ഥാപന മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളില്‍ നില്‍ക്കുകയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെ്ത പ്രദേശങ്ങളാണിവ.
മറവന്തുരുത്ത്, കുമരകം, മുളക്കുളം, ടിവിപുരം, തലയാഴം, ഉദയനാപുരം, വെളിയന്നൂര്‍, മാടപ്പള്ളി, കൂരോപ്പട, ഈരാറ്റുപേട്ട, മീനടം, വെച്ചൂര്‍, വെള്ളൂര്‍, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, തലപ്പലം, നെടുംകുന്നം, കരൂര്‍, വെള്ളാവൂര്‍, പാമ്പാടി, നീണ്ടൂര്‍, മണര്‍കാട്, അതിരമ്പുഴ, പുതുപ്പള്ളി, മാഞ്ഞൂര്‍, അയ്മനം, കുറിച്ചി, തൃക്കൊടിത്താനം, മണിമല, വാകത്താനം, വിജയപുരം, അകലക്കുന്നം,കല്ലറ, തലനാട്, കങ്ങഴ, വാഴൂര്‍, ഏറ്റുമാനൂര്‍, കൊഴുവനാല്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്.
ഈ പ്രദേശങ്ങളില്‍ പോലീസിന്‍റെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും വ്യാപക നിരീക്ഷണമുണ്ടാകും. രോഗപ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിന്‍സ് പ്രകാരവും നടപടികള്‍ സ്വീകരിക്കും. ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ പൊതുജനങ്ങൾ തയ്യാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.