ബംഗാളില്‍ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് മുരളീധരൻ


പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. പശ്ചിമ മിഡ്‌നാപൂരില്‍ വെച്ചാണ് സംഭവം. പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്ന് മുരളീധരന്‍ ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹം യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. വി മുരളീധരന്‍ തന്നെയാണ് ആക്രമണത്തിന്റെ വിവരം ക്യാമറ വിഷ്വല്‍സ് ഉൾപ്പെടെ പുറത്ത് വിട്ടത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം അറിയിച്ചിരുന്നു. തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേന്ദ്രം ‘സമയം പാഴാക്കാതെ’ സമാധാനം പുനഃസൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.



Previous Post Next Post