മലപ്പുറം ; പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ജീവനക്കാരൻ റിമാൻഡിൽ.
പുലാമന്തോൾ സ്വദേശി പ്രശാന്താണ് പിടിയിലായത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഏപ്രിൽ 27 ന് പുലർച്ചെ ആംബുലൻസിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി പ്രശാന്ത് അറസ്റ്റിലായത്. പ്രതിയെ പെരിന്തൽമണ്ണ സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
സ്കാനിങ്ങിനായി കൊണ്ടുപോവുമ്പോൾ പ്രതി ആംബുലൻസിനുള്ളിൽ കടന്നു പിടിച്ചുവെന്നാണ് വണ്ടൂർ സ്വദേശിയുടെ പരാതി. ആരോഗ്യനില വളരെ മോശമായിരുന്നതുകൊണ്ട് അന്ന് പ്രതികരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാഴ്ചക്ക് ശേഷം തുടർ ചികിൽസക്കായി എത്തിയപ്പോൾ വണ്ടൂരിലെ ഡോക്ടറോടാണ് യുവതി പീഡനകഥ തുറന്നു പറഞ്ഞത്. ഡോക്ടറുടെ നിർദേശപ്രകാരം വണ്ടൂർ പൊലീസിൽ പരാതി നൽകി. വണ്ടൂർ പൊലീസാണ് പരാതി പെരിന്തൽമണ്ണയിലേക്ക് കൈമാറിയത്.
തുടർന്ന് പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രശാന്ത് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും