കോട്ടയം : :ലോക്ക്ഡൗണിൻ്റെ മറവിൽ വിലക്കയറ്റം. അവശ്യ സാധനങ്ങൾക്ക് വില കൂടി. പച്ചക്കറികൾക്ക് കൂടിയത് ഇരുപത് രൂപ മുതൽ 60 രൂപ വരെയാണ്. ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ലെന്ന് വ്യാപാരികൾ.
കൊവിഡ് പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനം ലോക്ക്ഡൗണിലേക്ക് കടക്കാൻ ഇരിക്കെയാണ് ചാല മാർക്കറ്റിൽ പച്ചക്കറിയുടെ വില വ്യാപാരികൾ കുത്തനെ കൂട്ടിയത്. 30 രൂപ മുതൽ 60 രൂപ വരെ വില വർധനവ് ഉണ്ടായിട്ടുണ്ട്. 30 രൂപയ്ക്ക് വിറ്റിരുന്ന വെണ്ടയ്ക്കയുടെ വില 80 രൂപയിൽ എത്തി. 60 രൂപയ്ക്കും 40 രൂപയ്ക്കും ലഭിച്ചിരുന്ന നാരങ്ങക്ക് 80 മുതൽ 100 രൂപ വരെയാണ് നിലവിലെ വില. കിലോ 60 രൂപയ്ക്ക് വിറ്റ പയർ 100 രൂപയായി. തക്കാളി 20 രൂപയിൽ നിന്നും 30 രൂപ ആയി ഉയർന്നു. കത്തിരിക്ക 30 രൂപയിൽ നിന്നും 40 രൂപയിലേക്കും എത്തി.
തമിഴ്നാട് നിന്നുൾപ്പെടെ പച്ചക്കറികൾ എത്താത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.