ആലപ്പുഴ: പുന്നപ്രയില്‍ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് സന്നദ്ധപ്രവര്‍ത്തകര്‍. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ രോഗിയെ ആണ് നില വഷളായതിനാല്‍ ആംബുലന്‍സിന് കാത്തു നില്‍ക്കാതെ പി പി ഇ കിറ്റ് ധരിച്ചവര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി സാബുവിന്റെ ജീവന്‍ നിലനിര്‍ത്തിയത്. കോവിഡ് ബാധിതനായ പുറക്കാട് സ്വദേശി സാബു എന്ന മുപ്പത്തിയാറുകാരനാണ് രാവിലെ ശ്വാസതടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടത്. ആംബുലന്‍സിനായി ബന്ധപ്പെട്ടെങ്കിലും പത്ത് മിനിറ്റിലേറെ വൈകുമെന്നതിനാല്‍ കേന്ദ്രത്തിലെ സന്നദ്ധ പ്രവര്‍ത്തകരായ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രേഖയും അശ്വിനും സാബുവിനെ ആശുപത്രിയിലെത്തിക്കാനായി തയ്യാറാകുകയായിരുന്നു. പി പി ഇ കിറ്റണിഞ്ഞ് ബൈക്കില്‍ സാബുവിനെ നടുക്കിരുത്തി തൊട്ടടുത്ത കോമ്പൗണ്ടിലെ പുന്നപ്ര സാഗരാ സഹകരണ മെഡിക്കല്‍ കോളേജിലെത്തിച്ചു.
പരമാവധി വേഗത്തില്‍ രോഗിയെ ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അശ്വിനും രേഖയും പറഞ്ഞു.
സഹകരണ ആശുപത്രിയില്‍ നിന്നും നില മെച്ചപ്പെട്ട സാബുവിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അശ്വിനും രേഖയും മടങ്ങിയത്.
അശ്വിനും രേഖയും അടക്കം ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ തന്നെ ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിലായി ഉണ്ട്. സമയോചിതമായ ഇടപെടലില്‍ ജീവന്‍ രക്ഷിക്കാനായ സന്തോഷത്തിലാണ് അശ്വിനും രേഖയും.