അധോലോക നായകൻ ഛോട്ടാരാജൻ കോവിഡ് ബാധിച്ച് മരിച്ചു



ന്യൂഡൽഹി: മുംബൈ അധോലോക നായകൻ ഛോട്ടാരാജൻ (61) കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 26-നാണ് രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്. രാജേന്ദ്ര നിഖൽജി എന്നാണ് രാജന്റെ യഥാർഥ പേര്.

കൊലപാതകവും പണംതട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകളാണ് ഛോട്ടാരാജനെതിരേ മുംബൈയിലുള്ളത്. നേരത്തെ രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇൻഡൊനീഷ്യയിൽനിന്ന് പിടികൂടി തിരികെ എത്തിച്ചത്. തുടർന്ന് തിഹാർ ജയിലിൽ പാർപ്പിച്ചിരി ക്കുകയായിരുന്നു.

മാധ്യമപ്രവർത്തകനായ ജ്യോതിർമോയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ 2018-ൽ ഛോട്ടാരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സിനിമാ തീയ്യേറ്ററുകളിൽ ടിക്കറ്റ് ബ്ലാക്കിൽ വിറ്റാണ് ഛോട്ടാ രാജൻ എന്ന രജേന്ദ്ര സദാശിവ് നിഖൽജി തന്റെ ക്രമിനൽ ജീവിതം തുടങ്ങുന്നത്. പിന്നീട് കൊലപാതകത്തിലേക്കും കള്ളക്കടത്തിലേക്കും മയക്കുമരുന്നു വ്യാപാരത്തിലേക്കും കടന്നു.
മുംബൈ അധോലോകത്തിന്റെ ഒരുകാലത്തെ രാജാവായിരുന്ന ബഡാ രാജന്റെ അനുയായി ആയാണ് ഛോട്ട അധോലോകത്തെത്തുന്നത്. പിന്നീട് ബഡാ രാജന്റെ മരണത്തോടെ സംഘത്തിന്റെ തലവനായി.
മുംബൈ അധോലോകത്ത് കുപ്രസിദ്ധി നേടി ഇന്ത്യക്ക് ഇപ്പോഴും പിടികൂടാൻ കഴിയാത്ത ദാവൂദ് ഇബ്രാഹിമ്മിന്റെ വലം കൈയ്യായും ഛോട്ടാ രാജൻ പ്രവർത്തിച്ചിട്ടുണ്ട്. ദാവൂദിന്റെ ഡി കമ്പനിയിലെ പ്രമുഖനായിരുന്ന നിക്കൽജി. ദാവൂദിന്റെ സംഘത്തിലെ ഛോട്ടാ ഷക്കിൽ, ശരദ് ഷെട്ടി, സുനിൽ സാവന്ത് എന്നിവരുടെയെല്ലാം കൊലക്ക് പിന്നിൽ ഛോട്ടാ രാജൻ ആയിരുന്നു. ദാവൂദിന് വേണ്ടി ബോളീവുഡിൽ കള്ളപണം എത്തിക്കുന്നതടക്കം മയക്കുമരുന്ന് കടത്തിലും ഛോട്ടയുടെ കൈകളുണ്ടായിരുന്നു.
മുംബൈ സ്ഫോടനത്തിന് ശേഷമാണ് ദാവൂദുമായി തെറ്റിപ്പിരിയുന്നത്. പിന്നീട് ഛോട്ടാ രാജനെ ദാവൂദ് പലതവണ വധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്ത്യൻ ഇന്റലിജൻസാണ് ഛോട്ടാ രാജനെ സംരക്ഷിക്കുന്നതെന്ന് ഡി കമ്പനി പലതവണ ആരോപിക്കുകയും ചെയ്തിരുന്നു. മുംബൈ സ്ഫോടനത്തിന് ശേഷം ദാവുദൂമായി പിണങ്ങിയ രാജൻ പിന്നീട് റോയ്ക്കു വേണ്ടി ദാവൂദിന്റെ പല രഹസ്യ വിവരങ്ങളും ചോർത്തി കൊടുത്തിരുന്നതായും മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
1995ൽ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഛോട്ടാരാജനെ ഇന്റർപോൾ പിടികിട്ടാപുള്ളികളുടെ പട്ടികയിൽ പെടുത്തിയത്. ദാവൂദുമായി പിണങ്ങിയതിന് ശേഷം ദാവൂദിനെ കൊല്ലാതെ ഒരുക്കിലും മരണത്തിന് കീഴടങ്ങില്ലെന്ന പ്രതിജ്ഞയും നിഖൽജി എടുത്തിരുന്നു. ദാവൂദാകട്ടെ രാജനെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തുകയും ഒരു തവണ അതിന്റെ അടുത്തുവരെ എത്തുകയും ചെയ്തു. അന്ന് തലനാരിഴക്കാണ് ഛോട്ടാ രാജൻ രക്ഷപ്പെട്ടത്.


أحدث أقدم