ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയെ പുലര്‍ച്ചെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം






കൊച്ചി: ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയെ പുലര്‍ച്ചെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് സമീപമാണ് സംഭവം. 

കൂലിപ്പണിക്കാരിയായ മധ്യവയസ്‌ക മകളുടെ വീടിനോടു ചേര്‍ന്ന് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം. മഴക്കോട്ടിട്ട് മുഖം മറച്ചയാള്‍ പുലര്‍ച്ചെ വീടിന്റെ പിന്നിലുള്ള വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നുവെന്നാണ് സ്ത്രീ മൊഴി നല്‍കിയിട്ടുള്ളത്.

വാതില്‍ തുറന്ന ഉടന്‍ വായില്‍ റബ്ബര്‍ പന്ത് തിരുകി കീഴ്പ്പെടുത്തുകയായിരുന്നു. ബഹളം വച്ചെങ്കിലും കനത്ത മഴയായിരുന്നതിനാല്‍ സമീപത്ത് താമസിക്കുന്ന മകളും കുടുംബവും കേട്ടില്ല. കുതറി മാറി മകളുടെ വീട്ടിലേക്കോടുന്നതിനിടെ അക്രമി ഓടിമറഞ്ഞു. 

ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ഇവരുടെ മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കുന്നത്തുനാട് പോലീസ് ഇവരെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ഇ.പി. റെജി, പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രധാന റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് ഇവരുടെ വീട്. വീടിനെക്കുറിച്ചും ആളെക്കുറിച്ചും കൃത്യമായി അറിയാവുന്ന ആളാണ് അക്രമിയെന്നാണ് പോലീസിന്റെ നിഗമനം.
 
Previous Post Next Post