കോവിഡ് പരിശോധനാഫലം മണിക്കൂറുകളുടെ ഇടവേളകളില്‍ വ്യത്യസ്തമായി; യുവാവിന്റെ ഗൾഫ് യാത്ര മുടങ്ങി




പാപ്പിനിശ്ശേരി: രണ്ട് സ്വകാര്യ ലാബുകളില്‍നിന്ന് ലഭിച്ച കോവിഡ് പരിശോധനാഫലം മണിക്കൂറുകളുടെ ഇടവേളകളില്‍ വ്യത്യസ്തമായി. ഇതോടെ യുവാവിന്റെ ഗള്‍ഫ് യാത്ര മുടങ്ങി. പാപ്പിനിശ്ശേരി കല്ലയ്ക്കലിലെ മുഹമ്മദ് ഷുഹൈലിന്റെ (33) കുടുംബത്തിനോടൊപ്പമുള്ള യാത്രയാണ് ലാബുകാരുടെ അനാസ്ഥയില്‍ മുടങ്ങിയതെന്നാണ് ആക്ഷേപം. 
ഒരുദിവസം മുന്‍പ് രാവിലെ ഒരു സ്വകാര്യ ലാബില്‍നിന്ന് മുഹമ്മദ് ഷുഹൈല്‍ അടക്കം ഒന്‍പതുപേരാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയത്. ഇതില്‍ മുഹമ്മദ് ഷുഹൈലിന്റെ മാത്രം പോസിറ്റീവും മറ്റുള്ളവരുടെത് നെഗറ്റീവും ആയിരുന്നു. തുടര്‍ന്ന് ഒന്‍പതുപേരങ്ങെുന്ന കുടുംബത്തിന്റെ യാത്രപോലും അനിശ്ചിതത്വത്തിലായെങ്കിലും മറ്റുള്ളവര്‍ യാത്രപോകാന്‍ തീരുമാനിക്കുകയും ഷുഹൈലിന്റെ ടിക്കറ്റ് റദ്ദാക്കുകയും ചെയ്തു.
കോവിഡിന്റെ യാതൊരു ലക്ഷണവും കാണിക്കാത്തതിനാല്‍ കഴിഞ്ഞദിവസം ഷുഹൈല്‍ മറ്റൊരു സ്വകാര്യ ലാബില്‍നിന്ന് പരിശോധിച്ചപ്പോള്‍ നെഗറ്റീവായിരുന്നു ഫലം. മണിക്കൂറുകളുടെ ഇടവേളകളിലാണ് രണ്ട് പരിശോധനാഫലങ്ങളും ലഭിച്ചത്. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലിയുള്ള ഷുഹൈല്‍ അവധി കഴിഞ്ഞ് കുടുംബസമേതം മടങ്ങിപ്പോകുന്നതിനാണ് ടിക്കറ്റ് എടുത്തത്. വിമാന ടിക്കറ്റ് റദ്ദാക്കിയതിന്റെ നഷ്ടവും കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താനാകത്തതിന്റെ വിഷമത്തിലുമാണ് ഇദ്ദേഹം.
Previous Post Next Post