ഇടുക്കി ഡാം തുറക്കുന്നു; നാളെ രാവിലെ 11ന് ഷട്ടറുകള്‍ ഉയര്‍ത്തും, ജാഗ്രത






കൊച്ചി : നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാന്‍ തീരുമാനം. ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴുമണിക്ക് അപ്പര്‍ റൂള്‍ കര്‍വിലേത്തും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ആറുമണിയോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ഇടുക്കിയില്‍ നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഡാമിലെ ജലനിരപ്പ് നാളെ രാവിലെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ എത്തുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ ഡാമില്‍ 2397.28 അടി വെള്ളമുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്.  

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ 
ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറുുമണിക്ക് രണ്ടു ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം തുറക്കും. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇടുക്കി തുറക്കുന്നതിന് മുന്നോടി

ഇടമലയാര്‍ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയില്‍ റെഡ് അലര്‍ട്ട് നല്‍കി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളില്‍ ആകുന്ന ഘട്ടത്തില്‍ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാറുള്ളത്.

എന്നാല്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ ഇടയുള്ളതിനാല്‍, രണ്ട് ഡാമുകളില്‍ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോള്‍ തന്നെ ഇടമലയാര്‍ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.


Previous Post Next Post