കോട്ടയം : പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിന മരിച്ചത് രക്തം വാർന്നെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നൽകുന്ന സൂചനകൾ.
കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിത രക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ അഭിപ്രായം.
കോട്ടയത്ത് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം നിഥിനയും അമ്മയും താമസിച്ചിരുന്ന തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലെത്തിച്ചു. ഇവിടെയാവും മൃതദേഹം സംസ്കരിക്കുക.