മനേകാ ഗാന്ധി ഇടപെട്ടു; നായയെ ഓട്ടോ ഇടിച്ചു കൊന്ന ഡ്രൈവർ അറസ്റ്റിൽ



നായയെ ഓട്ടോയിടിപ്പിച്ചു കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് ഓട്ടോ ഡ്രൈവറായ എം.ടി. സന്തോഷ്‌കുമാറി(54) നെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോയും കസ്റ്റഡിയിൽ എടുത്തു.
സന്തോഷ് കുമാർ നായയെ ഓട്ടോയിടിച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പീപ്പിൾ ഫോർ ആനിമൽസ് സംഘടനയുടെ ജില്ലാ സെക്രട്ടറി മധുനായർക്ക് ഡൽഹിയിൽ മേനകാഗാന്ധിയുടെ ഓഫീസിൽനിന്ന് സന്ദേശവും ലഭിച്ചു.
ഇക്കഴിഞ്ഞ 13 നാണ് സംഭവം. രാവിലെ 9.20 ന് പറയഞ്ചേരി ഓട്ടോർകണ്ടി ക്ഷേത്രം റോഡിൽവെച്ച് സന്തോഷ് കുമാർ ജാക്കി എന്ന നായയെ മനപൂർവം ഓട്ടോ ഇടിച്ച് കൊന്നു എന്നാണ് കേസ്. നായയെ ഓട്ടോ ഇടിച്ചു വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് മനേകാ ഗാന്ധിയുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടത്.

പറയഞ്ചേരിയിലെ മൂന്ന് വീട്ടുകാർ ചേർന്ന് പരിപാലിക്കുന്ന നായയായിരുന്നു ജാക്കി. രാവിലെ പതിവായി ഒരു വീട്ടിലെ വീട്ടമ്മയെ ജാക്കി ബസ് സ്റ്റോപ്പ് വരെ അനുഗമിക്കും. സംഭവ ദിവസവും പതിവ് പോലെ ബസ് സ്റ്റോപ്പിലെത്തി തിരിച്ചു പോകുമ്പോഴായായിരുന്നു ക്രൂരത. നടന്നു പോകുന്ന ജാക്കിയെ സന്തോഷ് കുമാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം പതിഞ്ഞിരുന്നു. പിന്നീട് ഈ വീഡിയോ ട്വിറ്ററിലും പോസ്റ്റ് ചെയ്യപ്പെട്ടതോടെ വലിയ ചർച്ചയായി. പീപ്പിൾസ് ഫോർ ആനിമൽസ് സംഘടന പ്രസിഡന്റ് ഷൈമയാണ് പൊലീസിൽ പരാതി നൽകിയത്.


Previous Post Next Post