കാശ്‌മീരില്‍ വീണ്ടും ഭീകരരുടെ വെടിയേറ്റ്‌ രണ്ട്‌ സൈനികര്‍ക്ക്‌ വീരമൃത്യു…






ജമ്മു-കാശ്‌മീരില്‍ തിങ്കളാഴ്‌ച അഞ്ച്‌ സൈനികരുടെ വീരമൃത്യുവിന്‌ കാരണമായ ആക്രമണം നടന്ന അതേ പ്രദേശത്ത്‌ വീണ്ടും രണ്ട്‌ സൈനികര്‍ക്ക്‌ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസറും മറ്റൊരു ജവാനുമാണ്‌ കൊല്ലപ്പെട്ടത്‌. ഇവരുടെ വിശദാംശം അറിവായിട്ടില്ല. 

ജമ്മു-രജൗരി-പൂഞ്ച്‌ ദേശീയപാതയ്‌ക്കടുത്തുള്ള ഭീംബര്‍ ഗാലി മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇവിടെയുള്ള ഗ്രാമത്തില്‍ തിരച്ചില്‍ നടത്തിയ സേനാസംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്‌ച ഇതേ പ്രദേശത്ത്‌ നടന്ന ആക്രമണത്തിലാണ്‌ അഞ്ച സൈനികര്‍ കൊല്ലപ്പെട്ടത്‌.

വ്യാഴാഴ്‌ചയും ഇവിടെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ സേന തുടര്‍ന്നിരുന്നു. പ്രദേശം ഉപരോധിച്ചതിന് ശേഷം സുരക്ഷാ സേന ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നു . ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. ഇതിനിടെ ഒരു ജെസിഒയും ഒരു ജവാനും വെടിയേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർച്ചയായ നാലാം ദിവസമാണ് ഈ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. ഭീകരരുടെ ഏത് സംഘമാണ് ഇവിടെ ഒളിച്ചിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. തിങ്കളാഴ്ച അഞ്ച് സൈനികരെ കൊലപ്പെടുത്തിയ അതേ ഭീകരരാണോ അതോ മറ്റേതെങ്കിലും ഗ്രൂപ്പാണോ എന്നതാണ് സൈന്യത്തിന് മുന്നിലുള്ള ചോദ്യം. തൽക്കാലം പൂഞ്ച്-രജൗരി ഹൈവേയിലെ ഗതാഗതം അടച്ചിരിക്കുകയാണ്.

Previous Post Next Post