ഉത്ര വധക്കേസില്‍ പ്രതി സൂരജിന് നാല് ജീവപര്യന്തം ; ഇത് ഇരട്ട ജീവപര്യന്തമായി അനുഭവിക്കണം






കൊല്ലം :   സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് നാല് ജീവപര്യന്തം. പ്രതി സൂരജ് കുറ്റക്കാരനെന്നും പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. എല്ലാ കേസുകളിലും ജീവപര്യന്തം ശിക്ഷയാണ് പ്രഖ്യാപിച്ചത്. ഇത് ഇരട്ട ജീവപര്യന്തമായി അനുഭവിക്കണം. 

കോടതി പരിസരം, കനത്ത സുരക്ഷാവലയത്തിൽ ആയിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതി മുറിക്കുള്ളിലെത്തിച്ചത്. പതിവുപോലെ തികച്ചും നിർവികാരനായി തന്നെയായിരുന്നു പ്രതി സൂരജ് കോടതിക്കുള്ളിൽ നിന്നിരുന്നത്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഉത്രയുടെ അച്ഛനും സഹോദരനും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു, ഉത്രയുടെ അമ്മ വീട്ടിൽ ടീവിയിലൂടെ വിധി കേട്ടു. പ്രതി അറസ്റ്റിലായി 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങള്‍ വായിച്ചുകേള്‍പ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ വെച്ചു. 

ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്.

 കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.

Previous Post Next Post