മാതാപിതാക്കള്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ വിസമ്മതിച്ചു;​ 33 ലക്ഷവും 213 പവന്‍ സ്വര്‍ണവുമായി 15കാരന്‍ മുങ്ങി




ചെന്നൈ: ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍​ മാതാപിതാക്കള്‍ വിസമ്മതിച്ചതിന്​ പണവും സ്വര്‍ണവുമായി മുങ്ങിയ 15കാരന്‍ പിടിയില്‍.

33ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവുമാണ്​ 15കാരന്‍ വീട്ടില്‍നിന്ന്​ കവര്‍ന്നത്​. മറ്റു ശല്യങ്ങളില്ലാതെ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന്​ മാതാപിതാക്കളെ വിട്ട്​ നേപ്പാളിലേക്ക്​ കടക്കാനായിരുന്നു ശ്രമം.

കോണ്‍ട്രാക്​ടറായ പിതാവിനും കോളജ്​ പ്രഫസറായ മാതാവിനൊപ്പവുമായിരുന്നു​ 15കാരന്‍റെ താമസം. ഓണ്‍ലൈന്‍ ഗെയിമിങ്ങായിരുന്നു കൗമാരക്കാരന്‍റെ പ്രധാന വിനോദം. നിരന്തരം ഗെയിം കളിച്ചതോടെ മാതാപിതാക്കള്‍ എതിര്‍ത്തു. ഇതിനെചൊല്ലി നിരന്തരം വീട്ടില്‍ വഴക്കുമുണ്ടായി -പൊലീസ്​ പറഞ്ഞു.

ബുധനാഴ്ച പിതാവ്​ ജോലിക്ക്​ പോയതിന്​ പിന്നാലെ സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന്​ അറിയിച്ച്‌​ 15കാര​ന്‍ വീടുവിട്ടിറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്​ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ബ്യൂറോയില്‍ സൂക്ഷിച്ചിരുന്ന 33ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവും കാണാനില്ലെന്ന്​ മനസിലാകുകയായിരുന്നു -​പൊലീസ്​ ഇന്‍സ്​പെക്​ടര്‍ ഫ്രാന്‍വിന്‍ ഡാനി പറഞ്ഞു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ ന​ിയോഗിച്ചു. പൊലീസ്​ 15കാരന്‍റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്​തപ്പോള്‍ നേപ്പാളിലേക്ക്​ പോകാന്‍ പദ്ധതിയുണ്ടെന്ന്​ ടെക്​സ്റ്റ്​ മെസേജ്​ അയ​​െച്ചന്ന വിവരവും ലഭിച്ചു. സുഹൃത്തിന്​ മെസേജ്​ അയച്ചതിന്​ പിന്നാലെ 15കാരന്‍ പഴയ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട്​, കുട്ടി പഴയ ഫോണ്‍ മാറ്റി പുതിയ ഐഫോണും വാങ്ങി. പുതിയ ഫോണില്‍ പഴയ സിം ഇട്ടതോടെ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ​ 15കാരന്‍റെ ലൊക്കേഷന്‍ തിരിച്ചറിയുകയായിരുന്നു.

കുട്ടി വ്യാഴ​ാഴ്ച രാവിലെ നാലുമണിക്ക്​ നേപ്പാളിലേക്ക്​ പുറപ്പെടുന്ന വിമാനടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു. കൂടാതെ വിമാനത്താവളത്തിന്​ തൊട്ടടുത്ത ഹോട്ടലിലായിരുന്നു താമസം. തുടര്‍ന്ന്​ പൊലീസെത്തി കുട്ടിയെ പിടികൂടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കള്‍ക്ക്​ കൈമാറി.

 
Previous Post Next Post