തിരുവനന്തപുരം : കോവിഡ് ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സിനിമാ മേഖലയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. വിവിധ സിനിമാ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ഇളവുകള്‍ നല്കുന്ന കാര്യത്തില്‍ തീരുമാനമായത്.
തിയേറ്ററുകള്‍ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ ഇളവുകള്‍ നല്‍കും. ഇക്കാലയളവിലെ ഫിക്സഡ് ചാര്‍ജില്‍ 50% ഇളവ് നല്‍കും. ബാക്കി തുക 6 തവണകളായി അടക്കുവാനും അവസരം നല്‍കും. കോവിഡ് കാരണം തിയേറ്ററുകള്‍ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂര്‍ണമായും ഒഴിവാക്കി നല്‍കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം. ഒരു ഡോസ് വാക്സിനേഷന് എടുത്തവരെയും തിയേറ്ററുകളില്‍ പ്രവേശിപ്പിക്കുവാന്‍ തീരുമാനമായി.