തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ മദ്യപാനിയായി ചിത്രീകരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ധന വില വര്‍ധനവിനെതിരെ ഷാഫി പറമ്പില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളെ വഴിതടയുന്നത് ആസ്വദിക്കുന്നവരല്ല തങ്ങളെന്നും എന്നാല്‍, ഇന്ധന വിലവര്‍ധനവില്‍ മൗനം പാലിക്കാനാകില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സംസാരിച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നു. ജോജുവിനെ വഴി തടഞ്ഞതും വണ്ടി അടിച്ചുപൊട്ടിച്ചതും കോണ്‍ഗ്രസുകാരാണ്. ഇദ്ദേഹം മദ്യപിച്ചു എന്ന് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകായണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, കേരളത്തില്‍ അക്രമസമര പരമ്ബര നടത്തിയവരാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് വി.ഡി. സതീശന്‍ മന്ത്രിക്ക് മറുപടി നല്‍കി. ജനങ്ങളുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദം ഉണ്ടായതിനാലാണ് സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ജോജുവിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
യു.പി.എ ഭരിക്കുമേ്ബാള്‍ കേരളത്തില്‍ ഇന്ധനവില വര്‍ധനയുടെ പേരില്‍ അഞ്ച് തവണ ഹര്‍ത്താല്‍ നടത്തിയവരാണ് എല്‍.ഡി.എഫ് എന്നും 10 കൊല്ലം കഴിഞ്ഞപ്പോള്‍ അത് എങ്ങനെ മറന്നുവെന്നും വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.