പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിൽ മന്ത്രി കെ.രാധാകൃഷ്ണന്റെ വാദം പൊളിയുന്നു. ഗർഭിണികൾക്കുള്ള സഹായം മുടങ്ങിയിട്ട് എട്ട് മാസമായി. ജനനി ജന്മരക്ഷാ പദ്ധതിയിൽ ഗർഭിണികൾക്കായി അവസാനം ഫണ്ട് അനുവദിച്ചത് മാർച്ച് മാസത്തിലാണ്. കുട്ടികൾക്ക് ഒരു വയസായിട്ടും ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു.
എല്ലാവർക്കും സഹായം കിട്ടിയെന്ന മന്ത്രി കെ.രാധാകൃഷ്ണന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
തുടർച്ചയായ ശിശുമരണങ്ങളെ തുടർന്ന് അട്ടപ്പാടിയിലെത്തിയ മന്ത്രി, കൃത്യമായി കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്നാണ് അവകാശപ്പെട്ടത്. പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും ശരിയായി അവിടെ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ഗർഭിണികൾക്ക് പോഷകാഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് എല്ലാ മാസവും 2000 രൂപയുടെ ധനസഹായം സർക്കാർ ജന്മരക്ഷാ പദ്ധതിയിലൂടെ നൽകി വന്നിരുന്നത്.
എന്നാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ ഇതും മുടങ്ങിയിരിക്കുകയാണ്. കുടുശ്ശികയെല്ലാം തന്നെ തീർത്തതായാണ് അട്ടപ്പാടിയിലെത്തിയ മന്ത്രി അവകാശപ്പെട്ടത്. എന്നാൽ മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്ന രേഖകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. എട്ട് മാസത്തോളമായി ഗർഭിണികൾക്കുള്ള ധനസഹായം മുടങ്ങിയതായാണ് രേഖകൾ സൂചിപ്പിക്കുന്നത്.