മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മൂമ്മ മരിച്ചു


 

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മൂമ്മ ജാനമ്മാള്‍ (75) മരിച്ചു.  നെഞ്ചുവേദനയെത്തുടര്‍ന്നാണ് ജാനമ്മാളിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് കിഴിവിലം സ്വദേശി അരുണ്‍ദേവിന് മര്‍ദ്ദനമേറ്റത്.

ആശുപത്രിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അരുണ്‍ ദേവിന് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പഴയ മോര്‍ച്ചറിക്ക് സമീപത്തെ ഗെയ്റ്റിലൂടെ അരുണ്‍ കൂടി ആശുപത്രിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

യുവാവ് കയറാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. പിന്നാലെ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കം ഉന്തും തള്ളുമായി കലാശിക്കുകയും യുവാവിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. ഗെയ്റ്റ് പൂട്ടി യുവാവിനെ കോമ്പൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്. സ്വകാര്യ ഏജന്‍സിയിലെ തൊഴിലാളികളായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു.

Previous Post Next Post