മുല്ലപ്പെരിയാര്‍: പ്രത്യക്ഷസമരത്തിന് അണ്ണാ ഡിഎംകെ; അതിര്‍ത്തി ജില്ലകളില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനം



ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ പ്രത്യക്ഷസമരത്തിലേക്ക്. കേരള അതിര്‍ത്തിയിലെ അഞ്ചു ജില്ലകളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. സമരപരിപാടികളുടെ തീയതി അടക്കമുള്ള കാര്യങ്ങള്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് എഐഎഡിഎംകെ കോര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം അറിയിച്ചു. 

സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് പാര്‍ട്ടി സമരരംഗത്തിറങ്ങുന്നത്. എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിച്ചിരുന്നു. ഇപ്പോള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് കേരള സര്‍ക്കാര്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് തടയുകയാണ്. കേരളത്തിന്റെ നടപടികള്‍ക്ക് നേരെ ഡിഎംകെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു. 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പനീര്‍സെല്‍വം കഴിഞ്ഞദിവസം അഞ്ചുജില്ലകളിലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. തേനി, ഡിണ്ടിഗല്‍, മധുരൈ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിലെ എഐഎഡിഎംകെ ജില്ലാ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. 
Previous Post Next Post