ഇനി മരക്കാര്‍ വേണ്ട; തീയേറ്ററുടമകളുടെ നെഞ്ചത്ത് കത്തി കയറ്റി, എല്ലാവരെയും വഞ്ചിച്ചു: ഫിയോക് പ്രസിഡന്റ്



കൊച്ചി :  മരക്കാര്‍ എന്ന സിനിമ ഇനി തിയേറ്റര്‍ റിലീസ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തിയേയെറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവ് ആമസോണ്‍ പ്രൈമുമായി നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. അതിനു ശേഷം എല്ലാം തിയേറ്റര്‍ ഉടമകളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആന്റണി പെരുമ്പാവൂർ എല്ലാവേരയും വഞ്ചിക്കുകയാണ് എന്നും വിജയകുമാര്‍ പറഞ്ഞു.

ഇനി തിയേറ്റര്‍ ഉടമകള്‍ ആ സിനിമയുടെ പുറകെയില്ല. കേരളത്തിലെ പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചാണ് ഇത്രയും വിട്ടു വീഴ്ചയ്ക്ക് തയാറായത്. തിയേറ്റര്‍ സംഘടന മുന്നിട്ടു നിന്ന് ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരു സിനിമയ്ക്ക് വേണ്ടിയും ഞങ്ങള്‍ ഇത്ര അധ്വാനിക്കുകയോ കഷ്ട്പ്പെടുകയോ ചെയ്തിട്ടില്ല.

ആന്റണി പെരുമ്പാവൂര്‍ ആദ്യമേ തന്നെ ആമസോണ്‍ പ്രൈമുമായി കരാര്‍ ഒപ്പിട്ടിട്ടിരുന്നു. അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്ന രണ്ടോ മൂന്നോ നിര്‍മ്മാതാക്കളെയും കൂട്ട് പിടിച്ചു വലിയ പ്രചരണം തന്നെ തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ നടത്തി. തിയേറ്ററുകള്‍ സഹകരിക്കുന്നില്ല, അതിനാല്‍ ഒടിടിയിലേക്ക് പോകുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ദൈവത്തിന്റെ സഹായത്താല്‍ ഞങ്ങളുടെ നിലപട് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും മനസ്സിലായി. ഈ കഷ്ടപ്പാടുകള്‍ക്ക് ഇടയിലും 15 കോടി കൊടുക്കാന്‍ തയ്യാറായ തിയേറ്റര്‍ ഉടമകളുടെ നെഞ്ചത്ത് കത്തി കയറ്റുകയാണ് ആന്റണി പെരുമ്പാവൂര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.


Previous Post Next Post