കക്കി ആനത്തോട് റിസര്‍വോയറിൽ നീല അലര്‍ട്ട് പ്രഖ്യാപിച്ചു





പത്തനംതിട്ട : കക്കി ആനത്തോട് റിസര്‍വോയറിന്റെ ജലനിരപ്പ് 980.34 മീറ്ററില്‍ എത്തിയ സാഹചര്യത്തിൽ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചു.

 ജലനിരപ്പ് 979.46 മീറ്റര്‍, 980.46 മീറ്റര്‍, 980.96 മീറ്റര്‍ എത്തിച്ചേരുമ്പോഴാണ് യഥാക്രമം നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

 റിസര്‍വോയറിലെ ജലനിരപ്പ് 980.96 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുമെന്നും അധികൃതർ അറിയിച്ചു.


Previous Post Next Post