കോവിഡ് നഷ്ടപരിഹാരം: കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം


ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവിതരണത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.

നാൽപ്പതിനായിരത്തിലേറെ കോവിഡ് മരണം റിപ്പോർട്ടുചെയ്ത സംസ്ഥാനത്ത് വെറും 548 പേർക്കുമാത്രമാണ് അരലക്ഷം രൂപയുടെ നഷ്ടപരിഹാരം വിതരണംചെയ്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പതിനായിരത്തിലേറെ അപേക്ഷ ലഭിച്ചിട്ടും ഇത്ര കുറച്ചുപേർക്കുമാത്രമാണോ ആശ്വാസധനം നൽകിയതെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ഇത്രയും അപേക്ഷ ലഭിച്ചിട്ട് 2000 കുടുംബങ്ങൾക്കുപോലും നഷ്ടപരിഹാരം കൈമാറാത്ത കേരളത്തിലെ അവസ്ഥ പരിതാപകരമാണെന്ന് കോടതി വിമർശിച്ചു. കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേമസംസ്ഥാനമെന്നനിലയിൽ കേരളത്തിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ, ബാക്കിയുള്ള അപേക്ഷകൾ എത്രയും വേഗം പരിശോധിച്ച് ഒരാഴ്ചയ്ക്കകം തുക വിതരണംചെയ്യണം. ജനുവരി 17-നുമുമ്പ്‌ ഇതുസംബന്ധിച്ച തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. ഇതിൽ വീഴ്ചവരുത്തിയാൽ ഗൗരവമായി കാണുമെന്നും സുപ്രീംകോടതി മുന്നറിയിപ്പുനൽകി.

നഷ്ടപരിഹാരനടപടികൾ വേഗത്തിലാക്കാത്ത മറ്റുചില സംസ്ഥാനങ്ങളെയും സുപ്രീംകോടതി വിമർശിച്ചു. അടുത്ത ബന്ധുവാരാണെന്ന കാര്യത്തിൽ കൃത്യത ഉറപ്പാക്കേണ്ടതിനാൽ നഷ്ടപരിഹാരവിതരണം ആരംഭിച്ചിട്ടില്ലെന്നാണ് കേരളം അറിയിച്ചതെന്നാണ് നവംബർ 29-ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം പറഞ്ഞത്. സംസ്ഥാനങ്ങളിൽനിന്ന് ക്രോഡീകരിച്ച വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറിക്കൊണ്ടായിരുന്നു കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

പൊതുപ്രവർത്തകനും അഭിഭാഷകനുമായ ഗൗരവ് കുമാർ ബൻസൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് മരണ നഷ്ടപരിഹാരത്തിന് വളരെക്കുറച്ച് അപേക്ഷകൾമാത്രമാണ് ലഭിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ നഷ്ടപരിഹാരത്തെക്കുറിച്ച് വ്യാപകമായി പ്രചാരംനൽകാൻ സംസ്ഥാനസർക്കാരുകളോട് വെള്ളിയാഴ്ചയും സുപ്രീംകോടതി നിർദേശിച്ചു.

Previous Post Next Post