കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിൽ പിഴവ് : യാത്ര മുടങ്ങി , അരലക്ഷം രൂപ നഷ്ടമായെന്ന് പരാതിയുമായി വീട്ടമ്മ



കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ് മൂലം യാത്ര മുടങ്ങിയെന്ന് പരാതിയുമായി വീട്ടമ്മ . കോഴിക്കോട് പാവങ്ങാട് സ്വദേശി നീനയാണ് വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെ അധികൃതർക്ക് പരാതി നൽകിയത് . അടിയന്തര ആവശ്യത്തിനായി ദുബൈയിലുള്ള മകളുടെ അടുത്തേക്ക് പോകാനായി വെള്ളിയാഴ്ച്ചയാണ് നീന ടിക്കറ്റ് ബുക്ക് ചെയ്തത് . ആർ.ടി.പി.സി.ആർ പരിശോധനയടക്കം നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയാണ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത് . കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോഡും നേരത്തെ എടുത്തതാണ് . എന്നാൽ വിമാനത്താവളത്തിൽവെച്ച് സ്വകാര്യ ലാബ് നടത്തിയ റാപിഡ് ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവെന്ന് ഫലം വന്നു . എന്നാൽ യാതൊരു ലക്ഷണങ്ങളുമില്ലാത്ത തനിക്ക് രോഗമില്ലെന്നും രണ്ടാമതും പരിശോധിക്കണമെന്നും അപ്പോൾ തന്നെ ആവശ്യപ്പെട്ടെങ്കിലും ലാബ് അധികൃതർ അനുവദിച്ചില്ല . ഇതോടെ യാത്ര മുടങ്ങിയെന്നും നീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . പിന്നീട് ഇതേ ലാബിന്റെ തൊണ്ടയാട് ബ്രാഞ്ചിലെത്തി റാപ്പിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവാണ് . തെറ്റായ പരിശോധനാഫലംകാരണം യാത്ര മുടങ്ങിയെന്ന് മാത്രമല്ല വിസയും ടിക്കറ്റുമടക്കം അരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നും എയർപോർട്ടിൽ നിന്നും അപമാനം സഹിക്കേണ്ടി വന്നെന്നുമാണ് നീനയുടെ പരാതി . പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ വ്യോമയാന മന്ത്രാലയത്തിനാണ് നീന പരാതി നൽകിയത് . എന്നാൽ ശരീരത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് വൈറസിന്റെ അളവിലെ മണിക്കൂറുകളുടെ ഇടവേളകളിൽ വ്യത്യസ്ത ഫലം ലഭിക്കാറുണ്ടെന്നും തങ്ങളുടെ ഭാഗത്ത് വീഴച്ചയില്ലെന്നുമാണ് സ്വകാര്യ ലാബ് അധികൃതരുടെ വിശദീകരണം . അതേസമയം , നിരവധിപേർ സമാന പരാതി ഉന്നയിക്കുന്നുണ്ടെന്നും ലാബ് അധികൃതർ സമ്മതിച്ചു .
Previous Post Next Post