മൂന്നാർ(ഇടുക്കി) : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കുമെന്ന് എംഎം മണി എംഎൽഎ. രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകുമെന്നും മറയൂർ ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ എംഎം മണി പറഞ്ഞു.
എസ് രാജേന്ദ്രനെ പാർട്ടി മൂന്നു തവണ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. ഇത്രയുമാക്കിയ പാർട്ടിക്ക് ഒന്നും പൊറുക്കാനാകില്ല. ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാൻ കഴിയില്ല.
രാജേന്ദ്രൻ വേറെ പാർട്ടി നോക്കിക്കോളണം. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടു പോകാം. തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ചയാളാണ് രാജേന്ദ്രനെന്നും എംഎം മണി പറഞ്ഞു. പാർട്ടി സമ്മേളനത്തിനുള്ളിലെ വിവരങ്ങൾ ചോർത്തുന്നവരുണ്ട്. അത് നിർത്തിക്കൊള്ളണമെന്നും പാർട്ടിയുടെ ഭാഗമായി മുന്നോട്ടുപോകണമെന്നും എംഎം മണി ആവശ്യപ്പെട്ടു.