പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മിനിറ്റ് ഫ്ലൈ ഓവറില്‍ കുടുങ്ങി; വൻ സുരക്ഷാ വീഴ്ച



അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണ പരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഏതാണ്ട് 20 മിനിറ്റോളം ഒരു ഫ്ലൈ ഓവറില്‍ കുടുങ്ങി.

വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സ‍ര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ  പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ പ്രതികരിച്ചത്. 

 ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പ‍ഞ്ചാബിലുണ്ടായിരുന്നത്. ഹുസൈന്‍ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഭട്ടിന്‍ഡയിലാണ് വിമാനമിറങ്ങിയത്. എന്നാല്‍ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാല്‍ ഹുസൈന്‍വാലയിലേക്ക് ഹെലികോപ്റ്ററില്‍ പോകാനായില്ല. ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച്‌ 20 മിനിറ്റോളം പ്രധാനമന്ത്രി ഭട്ടിന്‍ഡയില്‍ കാത്തിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത് ഉപേക്ഷിച്ച്‌ റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് റോഡ് മാര്‍ഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോടും ഡിജിപിയോടും അന്വേഷിച്ചു. പോകാം എന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. ഇരുപത് മിനിറ്റ് കൊണ്ട് ഹെലികോപ്റ്ററില്‍ എത്താമായിരുന്ന യാത്ര അങ്ങനെ രണ്ട് മണിക്കൂറായി നീണ്ടു. സാധാരണ പ്രധാനമന്ത്രിയുടെ യാത്രയ്ക്കുള്ള സുരക്ഷ ഒരുക്കുമ്പോള്‍ ഹെലികോപ്റ്ററിലുള്ള യാത്ര എന്തെങ്കിലും സാഹചര്യത്തില്‍ മാറ്റേണ്ടി വരികയാണെങ്കില്‍ റോഡിലൂടെ സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നതാണ് സുരക്ഷാ പ്രോട്ടോക്കോള്‍.

അതനുസരിച്ച്‌ പ്രധാനമന്ത്രി റോഡ് മാര്‍ഗം സഞ്ചരിക്കുമ്പോഴാണ് പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടഞ്ഞത്. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടികള്‍ നടക്കുമെന്ന് പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫിറോസ് പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് വന്നിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ബസ്സുകള്‍ പലയിടത്തായി തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതി അടക്കം എല്ലാ വിവരങ്ങളും നേരത്തേ തന്നെ പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും, അടിയന്തരസാഹചര്യത്തില്‍ എല്ലാ തരത്തിലും പ്രധാനമന്ത്രിയുടെ യാത്ര സുഗമമാക്കാനുള്ള നടപടികളെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ പഞ്ചാബ് സര്‍ക്കാര്‍ വരുത്തിയത് ഗുരുതരവീഴ്ചയാണ്. 

റോഡില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടായാല്‍ തടയാന്‍ ഉള്ള പ്ലാനും പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നതാണ്. അതുമുണ്ടായില്ല. റോഡ് മാര്‍ഗമുള്ള യാത്രയില്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല.

ഇതോടെ, യാത്ര റദ്ദാക്കി പ്രധാനമന്ത്രി തിരികെ ഭട്ടിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവം ഗൗരവമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നുവെന്നും സംസ്ഥാനസര്‍ക്കാരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശനനടപടി സ്വീകരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.
 
Previous Post Next Post