യുവതികളോട് അപമര്യാദയായി പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍,7 അംഗസംഘം അറസ്റ്റിൽ





കരുനാഗപ്പള്ളി(കൊല്ലം) : യുവതികളോട് അപമര്യാദയായി പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു.യുവതികളുടെ സഹപാഠിയായിരുന്ന സൈനികനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 23 ന് ഉച്ചയ്ക്ക് ശേഷം കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി വെള്ളാമ്പൽ വീട്ടില്‍ അമ്പാടിയെ ഈ ക്വട്ടേഷന്‍ സംഘം ആക്രമിച്ചു. വീട്ടില്‍ നിന്ന് വിളിച്ചിറക്കി മാരാകായുധങ്ങളുമായി വെട്ടി കൊലപ്പെടുത്താനായിരുന്നു ശ്രമം. വനിതാ സുഹൃത്തുക്കള്‍ സമൂഹമാധ്യമം വഴിയാണ് അമ്പാടിയെക്കുറിച്ചുളള വിവരങ്ങള്‍ സൈനികന് കൈമാറിയത്.

തഴവ കടത്തൂര്‍ കരീപ്പള്ളി കിഴക്കതില്‍ കെ.വിഷ്ണു (25), കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ ഫാത്തിമ മന്‍സിലില്‍ എന്‍.അലി ഉമ്മര്‍ (20), മുണ്ടപ്പള്ളി കിഴക്കതില്‍ എസ്.മണി (19), അംബിയില്‍ പുത്തന്‍വീട്ടില്‍ എന്‍.സബീല്‍ (20), ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശികളായ ലക്ഷ്മി ഭവനത്തില്‍ ജി.ഗോകുല്‍ (20), തെങ്ങണത്ത് അമ്മവീട്ടില്‍ എ.ചന്തു (19), തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് നഴ്സറിമുക്കില്‍ റഹീം മന്‍സിലില്‍ മുഹമ്മദ് ഫൈസല്‍ ഖാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. 

മിക്കവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. തൊടിയൂര്‍ ഇടക്കുളങ്ങര കേതേരില്‍ അമ്പാടിയേ (27) ആണ് ആക്രമിച്ചത്.

Previous Post Next Post