_*തിരുവനന്തപുരം*_ _തലസ്ഥാന ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് തിരുവനന്തപുരം ജില്ലാ കലക്ടര്‍ വിലക്ക് ഏർപ്പെടുത്തി. കോവിഡ് ടിപിആര്‍ നിരക്ക് 32.76 ആയതിന് പിന്നാലെയാണ് ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിറക്കിയത്. കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രമെ പങ്കെടുക്കാവു. ഇക്കാര്യം പോലീസ് ഉറപ്പ് വരുത്തണം. മാളുകളില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രം പ്രവേശനം അനുവദിക്കാവൂ._
_കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം. എല്ലാ സര്‍ക്കാര്‍തല പരിപാടികളും യോഗങ്ങളും ഓണ്‍ലൈനാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടങ്കില്‍ സംഘാടകര്‍ അത് മാറ്റിവയ്ക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കലക്ടര്‍ അറിയിച്ചു. ടിപിആര്‍ 30 ന് മുകളിലുള്ള ജില്ലകളില്‍ പൊതു പരിപാടികള്‍ നിരോധിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകനയോഗം നിര്‍ദ്ദേശിച്ചിരുന്നു._