പൊതുമേഖലാ സ്ഥാപനമായ കോട്ടയം ടെക്‌സ്‌റ്റൈല്‍സ് വീണ്ടും സമരങ്ങള്‍ക്ക് വേദിയാവുന്നു. വനിതാ തൊഴിലാളികളെ അനധികൃതമായി സ്ഥലംമാറ്റിയ നടപടിക്കെതിരെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ അംഗങ്ങളെ സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു പീഡിപ്പിക്കുകയാണെന്നാണ് എഐടിയുസിയുടെ ആരോപണം. ഇതോടെ ഭരണകക്ഷിയിലെ തൊഴിലാളി സംഘടനകള്‍ തമ്മിലുള്ള തര്‍ക്കവും മുറുകുകയാണ്. ദീര്‍ഘകാലത്തെ അടച്ചിടലിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ടെക്‌സ്‌റ്റൈല്‍സ് തുറന്നത്.
വനിതാ തൊഴിലാളികളെ നിര്‍ബന്ധിക്കുന്നുവെന്ന് രാത്രി ഷിഫ്റ്റില്‍ ജോലിക്ക് ആരോപിച്ചാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. രാത്രി ജോലിയെ എതിര്‍ത്ത 26 തൊഴിലാളികളില്‍ 17 പേരെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി. രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഈ നപടിയ്ക്കു എതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി. ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന് കീഴില്‍ എവിടെയും ഇല്ലാത്ത നിയമങ്ങളാണ് കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ നടപ്പാക്കുന്നതെന്നാണ് എഐടിയുസിയുടെ ആരോപണം.
ഷിഫ്റ്റ്സമയം ക്രമീകരിക്കുന്നതിനെ സിഐടിയു ഏകപക്ഷീയമായി എതിര്‍ക്കുന്നുവെന്നാണ് എഐടിയുസി ആരോപണം. ഇതോടെ ഭരണകക്ഷിയിലെ രണ്ടു തൊഴിലാളി സംഘടനകള്‍ തമ്മിലുള്ള പരസ്യ പോരിലേക്കും സ്ഥിതിഗതികള്‍ നീങ്ങുകയാണ്.കമ്പനിയില്‍ കൊടിയ പീഡനങ്ങള്‍ ആണ് ജീവനക്കാര്‍ നേരിടുന്നത് എന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നും എഐടിയുസി നേതാക്കള്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ നടപടിക്കെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ് എഐടിയുസി. പ്രതിഷേധങ്ങളുടെ ഭാഗമായി ഫെബ്രുവരി രണ്ടിന് കമ്പനി പടിക്കലേക്ക് മാര്‍ച്ച് ഉള്‍പ്പെടെ നടത്തി പ്രതിഷേധം കനപ്പിക്കാന്‍ ഒരുങ്ങുകയാണ് സംഘടന എന്നാണ് സൂചന .