പണത്തിന് അനുസരിച്ച് അപ്പോൾ തൂക്കി നൽകും; ഡിജിറ്റല്‍ ത്രാസുമായി കഞ്ചാവ് വിൽപ്പന, യുവാക്കൾ അറസ്റ്റിൽ


വണ്ടൂർ: മലപ്പുറം വണ്ടൂരില്‍ ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനിടെ പിടിയിലായ സംഘത്തിന് നിരവധി ഇടപാടുകളുണ്ടെന്ന് പൊലീസ്. വിദ്യാർത്ഥികളായിരുന്നു സംഘത്തിന്‍റെ പ്രധാന ഇരകള്‍. ഇടപടാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്ന കുട്ടിമാൻ എന്നിവരാണ് വണ്ടൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് 225 ഗ്രാം കഞ്ചാവും അത് തൂക്കി വില്‍ക്കാനുള്ള ഡിജിറ്റല്‍ ത്രാസും പൊലീസ് പിടിച്ചെടുത്തിരുന്നു.
നേരത്തെ കഞ്ചാവ് മാഫിയ പൊതികളാക്കിയായിരുന്നു കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. അതില്‍ നിന്ന വ്യത്യസ്ഥമായി ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തൂക്കി വില്‍ക്കുകയാണ് ഈ സംഘം ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികളുടെ കയ്യിലുള്ള പണത്തിനനുസരിച്ച് കഞ്ചാവ് തൂക്കി നൽകാനാണ് ത്രാസ് കൂടെ കൊണ്ടു നടന്നിരുന്നതെന്നാണ് ഷിബിലും ഷബീറും പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ഇരുവരുടെ രണ്ട് ബൈക്കുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും, മാരാരിക്കുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എട്ട് കിലോ കഞ്ചാവുമായി എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്നിപറമ്പില്‍ റിന്‍ഷാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മതിലകം ആശുപത്രി ഭാഗത്ത് നിന്നും, കണിച്ചുകുളങ്ങര ക്ഷേത്രപരിസരത്തു നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്.

കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചേർത്തല ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പ്രതികള് പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് 6 ലക്ഷം രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തലയിലും പരിസരത്തും ചെക്കിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിക്കുന്നതിനിടയിൽ അതിൽ ഒരാൾ ബാഗുമായി ഓടി പോകുകയായിരുന്നു.

ബാക്കി രണ്ടുപേരെയും രണ്ട് കിലോ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ഓടി പോയയാൾ മലപ്പുറം കാരനാണെന്നും അയാൾ കഞ്ചാവുമായാണ് ഓടി പോയതെന്നും മനസ്സിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാള്‍ കണിച്ചുകുളങ്ങര ഭാഗത്ത് ഉണ്ടെന്നറിഞ്ഞ് പോലീസ് 6 കിലോ കഞ്ചാവുമായി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളിൽ ജൂനൈദ് ആന്ധ്രയിൽ പോയി അവിടെ നിന്നും കഞ്ചാവ് വാങ്ങി മലപ്പുറത്ത് സ്റ്റോക്ക് ചെയ്ത് അവിടെ നിന്നും എറണാകുളത്തും, ആലപ്പുഴയിലും മൊത്ത വിൽപ്പനക്കാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്
Previous Post Next Post