കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ച് കൊന്നു, മാതൃസഹോദരനും വെടിയേറ്റു സംഭവം സ്വത്തു തർക്കത്തെ തുടർന്ന്

 
*കോട്ടയം കാഞ്ഞിരപ്പളളിയിൽ  വ്യവസായി വെടിയേറ്റു മരിച്ചു ; വെടിവയ്പ്പ് സഹോദരന്മാർ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്ന്*
 കോട്ടയം : കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സഹോദരന്മാർ തമ്മിലുള്ള തർക്കത്തെതുടർന്ന് വ്യവസായി തലയ്ക്ക് വെടിയേറ്റ് മരിച്ചു. സ്ഥലം വിറ്റതിന്നെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. തലയ്ക്ക് വെടിയേറ്റ മറ്റൊരു ബന്ധുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ് സഹോദരന്റെ  വെടിയേറ്റ് മരിച്ചത്. ഇയാളുടെ സഹോദരി ഭർത്താവ് മാത്യു സ്കറിയയെ തലയ്ക്ക് വെടിയേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടി വച്ച പ്രതി ജോർജ് കുര്യനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. 

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതേപ്പറ്റി ചോദിക്കുന്നതിനായാണ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്. തറവാട്ടുവീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റം ഉണ്ടായി.

തുടർന്ന് ജോർജ് തന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു. തലയ്ക്ക് വെടിയേറ്റ രഞ്ചു തൽക്ഷണം മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലയ്ക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെടിയേറ്റ അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ്  പ്രതിയെ  കസ്റ്റഡിയിലെടുത്തു.  ലൈസൻസുള്ള റിവോൾവർ ആണ് വെടിവെക്കുന്നതിന് ഉപയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ജോർജിനെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി  പറഞ്ഞു.
Previous Post Next Post