ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്



 
തിരുവനന്തപുരം: കേരളത്തിൽ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 

24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെയുള്ള മഴയാണ് യെല്ലോ അലേർട്ട് കൊണ്ടുദ്ദേശിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 

മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിൽ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ കടലിലുള്ളവർ കേരളത്തീരത്ത് നിന്ന് അകന്നുനിൽക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
Previous Post Next Post