നിമിഷപ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ; 92,000 ഡോളർ നൽകേണ്ടി വരുമെന്ന് സൂചന








കാസർകോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ അറിയിച്ചു. 

50 മില്യൺ യെമൻ റിയാൽ (92,000 ഡോളർ) എങ്കിലും ബ്ലഡ്മണിയായി നൽകേണ്ടി വരുമെന്നാണ് അറിയിപ്പ്. 10 മില്യൺ യെമൻ റിയാൽ കോടതി ചെലവും പെനാൽട്ടിയും നൽകണം. റമസാൻ അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്നും യെമൻ അധികൃതർ അറിയിച്ചു. യെമനിലേക്ക് പോകാനുള്ള കേന്ദ്രസർക്കാർ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍. 

നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആണ് നേതൃത്വം നൽകുന്നത്. നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. 

 നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗൺസിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.

നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യെമനിലേക്ക് പോകാന്‍ തീരുമാനിച്ചത്. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്‍റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.  

അമ്മയും മകളും അടക്കമുള്ള സംഘത്തെ എത്രയും വേഗം യെമനിലെത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗണ്‍സില്‍.
Previous Post Next Post