കോവിഡ് എന്ന ഒറ്റ വൈറസ് ലോകത്തിന്റെ തന്നെ ഗതി മാറ്റിയപ്പോൾ, അയ്യായിരത്തിലേറെ വൈറസുകളെയാണ് ഇപ്പോള്‍ ഗവേഷകര്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തില്‍ വ്യാപകമായി ഈ വൈറസുകള്‍ വിഹരിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. വിവിധ തരത്തിലുള്ള അപകടകാരികളായ വൈറസുകള്‍ ലോകത്തുണ്ടെങ്കിലും ഈ കണ്ടെത്തിയിരിക്കുന്ന വൈറസുകളെല്ലാം തന്നെ ആര്‍എന്‍എ വിഭാഗത്തില്‍ പെടുന്നവയാണെതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം.
മനുഷ്യരെ വ്യാപകമായി ബാധിയ്ക്കുന്ന അസുഖങ്ങള്‍ക്ക് കാരണമാകുന്നവയാണ് ആര്‍എന്‍എ വൈറസുകള്‍. ജലദോഷം മുതല്‍ കോവിഡ്- 19 വരെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നത് ആര്‍എന്‍എ വൈറസുകളാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ചെടികളെയും വരെ ഈ വൈറസുകള്‍ ബാധിക്കാറുണ്ട്. മനുഷ്യരുള്‍പ്പടെയുള്ള ജീവികളുടേത് ഡിഎന്‍എ യില്‍ അധിഷ്ഠിതമായ ജനിതകഘടനയാണെങ്കില്‍ ഈ വൈറസുകളുടേത് ആര്‍എന്‍എയിലാണ്. ഡിഎന്‍എ ജനിതക ഘടനയേക്കാള്‍ വേഗത്തില്‍ അതിജീവന ശേഷിയുള്ളവയും പ്രതിരോധ ശേഷിയുള്ളവയുമാണ് ആര്‍എന്‍എ ജനിതക ഘടനയുള്ള ജീവികള്‍
അതേസമയം വൈറസുകളെക്കുറിച്ചുള്ള പഠനം പുരോഗമിക്കുന്നുണ്ടെങ്കിലും ഇവ ഏതെങ്കിലും രീതിയില്‍ വെല്ലുവിളിയാകുമോ എന്നത് ഗവേഷകര്‍ക്ക് ഇപ്പോഴും ആശങ്കയുള്ള കാര്യമാണ്. ഇത്തരം വൈറസുകള്‍ മനുഷ്യരുള്‍പ്പടെയുള്ള ജീവികളുടെ ശരീരത്തിലെത്തിയാല്‍ സ്വയം ജനിതക മാറ്റത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്. കൂടാതെ ജനിതക വകഭേദം സംഭവിക്കാതെയോ അത് സംഭവിച്ചിട്ടോ പലതരം രോഗങ്ങള്‍ പരത്താനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ വൈറസുകളെക്കുറിച്ചുള്ള പഠനം ഒരു പക്ഷേ ഭാവിയില്‍ ഇവ പടര്‍ത്താനിടയിലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ കൂടി സഹായിച്ചേക്കാമെന്നാണ് നിഗമനം.