തനിക്കെതിരെയുള്ള കേസുകളുടേയും താന്‍ കബളിപ്പിച്ച സ്ത്രീകളുടേയും തട്ടിയെടുത്ത ആഭരണങ്ങളുടേയും വിവരങ്ങള്‍ കുറിപ്പായി പഴ്‌സില്‍ സൂക്ഷിച്ച തട്ടിപ്പ് വീരന് ഒടുവില്‍ കുറിപ്പ് കെണിയായി.
സ്ത്രീകളെ വശീകരിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന് വന്നിരുന്ന മലപ്പുറം വേങ്ങര കണ്ണാടിപ്പടി ഉള്ളാടന്‍ അബ്ദുല്‍ഹമീദ് എന്ന ബാവ കല്‍പ്പറ്റ പൊലീസിന്റെ പിടിയിലായതോടെ രസകരമായ സംഭവങ്ങളുടെ ചുരുളഴിയുന്നു. പൊലീസുകാര്‍ പോലും ഊറിച്ചിരിച്ച് പോവുന്നതാണ് ഇയാളുടെ കഥ. സ്ത്രീകളുമായി എളുപ്പത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന ഹമീദ് വൈകാതെ അവരെ കബളിപ്പിച്ച് പണമോ സ്വര്‍ണ്ണമോ തട്ടാനുള്ള പദ്ധതിയും ആസൂത്രണം ചെയ്യും. അത്തരത്തില്‍ നടത്തിയ തട്ടിപ്പിനാണ് കല്‍പ്പറ്റ എസ്.എച്ച്.ഒ പ്രമോദും സംഘവും ഇയാളെ പിടികൂടിയത്.
കല്‍പ്പറ്റ കേസ് ഇങ്ങനെ
മലപ്പുറം സ്വദേശിനിയായ യുവതിയായിരുന്നു ഇര. ആഴത്തിലുള്ള പരിചയം സൃഷ്ടിച്ചതോടെ കല്‍പ്പറ്റയിലെ ലോഡ്ജിലേക്ക് ക്ഷണിച്ചു. ഇവിടെയെത്തിയ സ്ത്രീയുടെ 12 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങി. ഫോണില്‍ സംസാരിച്ചും നേരില്‍ കണ്ടും മാത്രമാണ് സ്ത്രീക്ക് ഇയാളെ പരിചയമുണ്ടായിരുന്നത്. സ്വര്‍ണ്ണം നഷ്ടമായതോടെ കല്‍പ്പറ്റ പൊലീസിലെത്തി പരാതി നല്‍കി.
ഹമീദ് ലോഡ്ജില്‍ നല്‍കിയത് വ്യാജ ആധാര്‍ കാര്‍ഡിലെ വിലാസമായിരുന്നു. ഉപയോഗിച്ചിരുന്നത് മലപ്പുറത്തെ ഒരു പതിവ് ക്രിമിനലില്‍ നിന്ന് കൈവശപ്പെടുത്തിയ സിം കാര്‍ഡും. ഹോട്ടലില്‍ സി.സി.ടി.വി ഉണ്ടായിരുന്നില്ല എന്നതിനാല്‍ പൊലീസിന് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചതുമില്ല. അതോടെ അന്വേഷണം വഴിമുട്ടി. എങ്കിലും സിം കേന്ദ്രീകരിച്ചുള്ള അന്വേഷണം സി.ഐ പ്രമോദും സംഘവും തുടര്‍ന്നിരുന്നു
കല്‍പ്പറ്റയില്‍ നിന്ന് മുങ്ങിയത് വിദേശത്തേക്ക്, തിരിച്ചെത്തിയത് കോയമ്പത്തൂരില്‍
കല്‍പ്പറ്റയിലെ തട്ടിപ്പിന് ശേഷം ഹമീദ് നേരെ പോയത് ഗള്‍ഫിലേക്കായിരുന്നു. നാലു ദിവസം മാത്രമാണ് അവിടെ നിന്നത്. പിന്നെ നാട്ടിലേക്ക് തിരിച്ചു.
ഏപ്രില്‍ ഒമ്പതിന് മംഗലാപുരത്ത് വിമാനമിറങ്ങി. വാഹനമാര്‍ഗം കോയമ്പത്തൂരില്‍ വന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങി. പുതിയ ഇരക്കായി കെണിയൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ ഹോട്ടലിലുണ്ടായിരുന്ന മലയാളിയായ റൂംബോയിയുടെ സംശയങ്ങളാണ് ഇയാളെ കുടുക്കുന്നതിലേക്ക് എത്തിയത്.
ഹമീദിന്റെ മേശപ്പുറത്ത് സ്ത്രീകളുടെ പേരും ഫോണ്‍ നമ്പറും എഴുതിയ കുറിപ്പ് കണ്ടതോടെ ലോഡ്ജ് ജീവനക്കാരന് പന്തികേട് തോന്നി. ഹമീദ് അറിയാതെ അയാള്‍ കുറിപ്പ് മൊബൈലില്‍ ഫോട്ടോയെടുത്തു. തുടര്‍ന്ന് മുതലാളിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇവര്‍ കുറിപ്പിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കാള്‍ എത്തിയത് കല്‍പ്പറ്റയില്‍ തട്ടിപ്പിന് ഇരയായ മലപ്പുറത്തുകാരിയുടെ ഫോണിലേക്ക്. ആളുടെ രൂപയും പ്രകൃതവും എല്ലാം പറഞ്ഞതോടെ തട്ടിപ്പ് വീരനെ സ്ത്രീ തിരിച്ചറിഞ്ഞു. മുറിയില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ എടുത്ത് സ്ത്രീക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്ത് സ്ഥിരീകരിക്കുകയും ചെയ്തു.
അതോടെ ലോഡ്ജില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ സ്ത്രീ നിര്‍ദേശിച്ചു. പിന്നാലെ കല്‍പ്പറ്റ പൊലീസിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി.
കുറിപ്പില്‍ കേസ് കണക്ക് ഇങ്ങനെ
കുറിപ്പിലെ വിവരങ്ങള്‍ അനുസരിച്ച് വയനാട് മുതല്‍ അങ്ങ് തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേസുകളുള്ള സ്റ്റേഷനുകളുടേയും കേസ് നടക്കുന്ന കോടതികളുടേയും വിവരങ്ങളാണ് തുണ്ട് കടലാസില്‍ എഴുതി പേഴ്‌സില്‍ സൂക്ഷിച്ചിട്ടുള്ളത്. മലപ്പുറത്ത് വഴിക്കടവ്, എടക്കര, മലപ്പുറം, പരപ്പനങ്ങാടി സ്റ്റേഷനുകളിലും പാലക്കാട് ജില്ലയില്‍ പാലക്കാട്, ചെര്‍പ്പുളശേരി സ്റ്റേഷനുകളിലുമാണ് കേസുകളുള്ളത്.